Sorry, you need to enable JavaScript to visit this website.

മയക്കുമരുന്ന് മാഫിയയുടെ വധഭീഷണി; ത്രിപുര മുഖ്യമന്ത്രിക്ക് സുരക്ഷ ഉയര്‍ത്തി

അഗര്‍ത്തല- മയക്കുമരുന്ന് മാഫിയയില്‍നിന്ന് വധഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ തുര്‍ന്ന്
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നിലവിലെ വൈ കാറ്റഗറി സുരക്ഷ സെഡ് കാറ്റഗറിയായാണ് വര്‍ധിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു നല്‍കിയത്.
മുഖ്യമന്ത്രിയെ വധിക്കാന്‍ മ്യാന്‍മറിലെ ലഹരി കടത്തു മാഫിയ ശ്രമിക്കുന്നതായി ത്രിപുരയിലെ മുന്‍ മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ രത്തന്‍ ചക്രവര്‍ത്തി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ലഹരിക്കടത്തു സംഘത്തലവന്‍മാര്‍ മ്യാന്‍മറിന്റെ തലസ്ഥാനമായ നയ്‌പൈഡോവില്‍ അടുത്തിടെ യോഗം ചേര്‍ന്ന് ബിപ്ലബ് ദേബിനെ ഇല്ലാതാക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തിയെന്നും ചക്രവര്‍ത്തി വ്യക്തമാക്കി.

അധികാരത്തിലെത്തിയതിനുപിന്നാലെ ലഹരിക്കടത്തു മാഫിയക്കെതിരെ ശക്തമായ നടപടികള്‍ മുഖ്യമന്ത്രി സ്വീകരിച്ചിരുന്നു. ബിപ്ലബിന്റെ ഇതുവരെയുള്ള ഭരണത്തില്‍ 41,000ല്‍ അധികം കിലോ മരിജുവാന, 80,000 കുപ്പി വ്യാജ കഫ് സിറപ്പ്, മ്യാന്‍മറില്‍ നിര്‍മിക്കുന്ന യൂബ ഉള്‍പ്പെടെയുള്ള ലഹരി മരുന്നിന്റെ 1.35 ലക്ഷം ടാബ്ലറ്റുകള്‍, രണ്ടു കിലോ ഹെറോയിന്‍, 620 ഗ്രാം ബ്രൗണ്‍ ഷുഗര്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഈ കേസുകളിലായി 250 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഏഷ്യയിലെ പ്രമുഖ ലഹരിക്കടത്തു തലവന്റെ നേതൃത്വത്തിലാണ് ബിപ്ലബിനെ ഇല്ലായ്മ ചെയ്യാന്‍ യോഗം ചേര്‍ന്നതെന്നും ബി.ജെ.പി ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചക്രവര്‍ത്തി വ്യക്തമാക്കി.

ത്രിപുരയില്‍ അധികാരത്തിലിരുന്ന ഇടതു സര്‍ക്കാര്‍ ലഹരി മാഫിയക്കെതിരെ നടപടി സ്വീകരിച്ചിരുന്നില്ലെന്നും അതാണ് ഇപ്പോള്‍ ഭീഷണിയായിരിക്കുന്നതെന്നും ചക്രവര്‍ത്തി ആരോപിച്ചു. ഇടതു ഭരണത്തിന്‍കീഴില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന ലഹരിക്കടത്തു മാഫിയയെ ബിപ്ലബ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ ശക്തമായി നേരിട്ടു. ഇതിനു പ്രതികാരമായി മുഖ്യമന്ത്രിയെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി എം.എല്‍.എ രാംപാഡ ജാമതിയയും മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രതിമ ഭൗമിക്കും ചക്രവര്‍ത്തിക്കൊപ്പം പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
 

 

Latest News