തിരുവനന്തപുരം- പ്രളയത്തിൽ കനത്ത നാശം സംഭവിച്ച കേരളത്തെ രക്ഷിക്കുന്നതിന് ഒരു മാസത്തെ ശമ്പളം ഗഡുക്കളായി നൽകുന്ന സാലറി ചലഞ്ച് എന്ന ആശയം മുന്നോട്ടുവെച്ചയാൾ തന്നെ തന്റെ വാഗ്ദാനം പിൻവലിച്ചു. പതിനായിരം രൂപ വെച്ച് പതിനഞ്ച് മാസം സർക്കാറിന് നൽകാമെന്നേറ്റ തന്റെ വാഗ്ദാനം പിൻവലിക്കുന്നുവെന്ന് പ്രമുഖ പോളിസി റിസർച്ചർ കൂടിയായ ജെ.എസ് അടൂർ വ്യക്തമാക്കി. ഓരോ മലയാളിയും തനിക്ക് ലഭിക്കുന്ന ശമ്പളം സർക്കാറിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്നും ഇത് പത്തുമാസത്തെ ഗഡുക്കളായി കൈമാറിയാൽ മതിയെന്നുമുള്ള ആശയം ആദ്യം മുന്നോട്ടുവെച്ചത് ജെ.എസ് അടൂരായിരുന്നു. ഈ ആശയം പങ്കുവെച്ച തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി മലയാളികളോട് ശമ്പളം ഗഡുക്കളായി നൽകണമെന്ന് ആഹ്വാനം ചെയ്തു. സാലറി ചലഞ്ച് എന്ന ക്യാമ്പയിനായിരുന്നു സർക്കാർ നടത്തിയത്. മുഴുവൻ ജീവനക്കാരും പെൻഷൻകാരും ശമ്പളം നൽകണമെന്നും തയ്യാറല്ലാത്തവർ എഴുതി നൽകണമെന്നുമായിരുന്നു സർക്കാറിന്റെ ആഹ്വാനം. ഇതിനെതിരെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ഉയർന്നതിനിടെയാണ് ആശയം മുന്നോട്ടുവെച്ചയാൾ തന്നെ വാഗ്ദാനത്തിൽനിന്ന് പിൻവാങ്ങിയത്. കഴിഞ്ഞദിവസം ഇക്കാര്യത്തിൽ ഹൈക്കോടതിയും സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. നിർബന്ധിതകൊള്ള എന്നാണ് ഹൈക്കോടതി ഇതിനെ വിശേഷിപ്പിച്ചത്.
കേരള സർക്കാർ ഇപ്പോൾ നടത്തുനത് സാലറി ചലഞ്ചല്ലെന്നും സാലറി ചലഞ്ച് എന്ന ആശയത്തിന്റ കാമ്പ് അത് സ്വയം ഓരോ മനുഷ്യരുടെ ബോധ്യത്തിൽ നിന്നും സ്വയമായി ഒരു കൂട്ടായ്മ രൂപം കൊള്ളുകയായിരുന്നുവെന്നും ജെ.എസ് അടൂർ പറഞ്ഞു. സർക്കാർ ഇണ്ടാസ് ഇറക്കി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചു വാങ്ങുന്ന കൈയൂക്ക് ഉള്ളവൻ കാര്യക്കാർ എന്ന നിലപാട് ആയിരുന്നില്ല സാലറി ചലഞ്ച്. ഇത് കൊണ്ട് കുറെ പൈസ കിട്ടും. അതിലേറെ കിട്ടുമായിരുന്നത് കിട്ടില്ല. വിദേശ മലയാളികളിൽ സർക്കാർ ഭരണ പാർട്ടി ഭക്ത ജനങ്ങൾ അല്ലാതെ എത്ര പേർ ഇങ്ങനെയുള്ള കൈയൂക്ക് സംരംഭത്തിന് കാശ് കൊടുക്കും എന്ന് കണ്ടറിയാം.
ഇപ്പൊൾ സർക്കാർ കാര്യം മുറപോലെ എന്ന സാദാ അധികാര അഹങ്കാരമാണ് നടക്കുന്നത്. കാശു മതി ബാക്കി കാര്യം ഞങ്ങളുടെ സൗകര്യം പോലെ എന്ന നിലപാട് കൊണ്ട് ഒരു നവ കേരളവുമുണ്ടാകയില്ല.
ആയതിനാൽ ഞാൻ വാഗ്ദാനം ചെയ്ത് പതിനായിരം വച്ച് പതിനഞ്ചു മാസം ഉള്ള തുകയും സുഹൃത്തുക്കളുടെ സംഭാവനകളും കൂടി കൂട്ടി വീട് നഷ്ട്ടപ്പെട്ട ഒന്നോ രണ്ടോ പേർക്ക് വീടുപണി നേരിട്ട് ചെയ്തു കൊടുക്കുമെന്നും ജെ.എസ് അടൂർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.