Sorry, you need to enable JavaScript to visit this website.

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കഷ്ടി ജയം; ഹോങ്കോംഗ് വിറപ്പിച്ചു

ശിഖർ.. പതിനാലാം സെഞ്ചുറി
ഇന്ത്യയെ വിറപ്പിച്ച ഹോങ്കോംഗിന്റെ ഓപണിംഗ് ജോഡി അൻഷുമൻ റാതും നിസഖത് ഖാനും
  • ശിഖറിന് സെഞ്ചുറി, ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു

ദുബായ് - ഹോങ്കോംഗിന്റെ അവിശ്വസനീയമായ ചെറുത്തുനിൽപിന് മുന്നിൽ അക്ഷരാർഥത്തിൽ അമ്പരന്നെങ്കിലും ഏഷ്യാ കപ്പ് ക്രിക്കറ്റിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കഷ്ടിച്ച് ജയം പിടിച്ചു. ഇന്ത്യയുടെ ഏഴിന് 285 പിന്തുടർന്ന ഹോങ്കോംഗ് മുപ്പത്തഞ്ചാം ഓവറിൽ വിക്കറ്റ് പോവാതെ 174 ലെത്തിയിരുന്നു. ഓപണർമാർ തുടരെ പുറത്തായെങ്കിലും അവസാനം വരെ അവർ അടി തുടർന്നു. എന്നാൽ തുടരെ വിക്കറ്റ് പോയതോടെ അവരുടെ മറുപടി അമ്പതോവറിൽ എട്ടിന് 259 ലൊതുങ്ങി. ഇന്ത്യക്ക് 26 റൺസ് ജയം. 
പാക്കിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് വാംഅപ് എന്ന് കരുതിയ കളിയിൽ മുട്ടിടിച്ച ശേഷമാണ് ഇന്ത്യ വിജയം പിടിച്ചത്. ബാറ്റിംഗ് പ്രയാസകരമായ സാഹചര്യത്തിൽ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ ബാറ്റ് വെച്ച് കീഴടങ്ങുമെന്ന് കരുതിയ ഹോങ്കോംഗ് അവിശ്വസനീയമായ പോരാട്ടവീര്യം കാഴ്ചവെച്ചു. നിസഖത് ഖാനും (115 പന്തിൽ 92) അൻഷുമൻ റാതും (97 പന്തിൽ 73) മുപ്പത്തഞ്ചാം ഓവർ വരെ പൊരുതുകയും വിക്കറ്റ് പോവാതെ 174 റൺസ് ചേർക്കുകയും ചെയ്തു. പത്തോവർ പിന്നിടുമ്പോഴേക്കും ഇരുവരും സ്‌കോർ 50 കടത്തി. സ്പിന്നർമാർ വന്നിട്ടും അവരുടെ കുതിപ്പ് തടയാനായില്ല. 17.5 ഓവറിൽ സ്‌കോർ 100 കടന്നു. മുപ്പത്തൊന്നാം ഓവറിൽ വിക്കറ്റ് പോവാതെ അവർ 150 പിന്നിട്ടതോടെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക പടർന്നു. സ്വപ്‌നമാണോ യാഥാർഥ്യമാണോ എന്നറിയാതെ കാണികൾ അമ്പരന്നു. ഹോങ്കോംഗ് ഓപണർമാർ ഇത് രണ്ടാം തവണ മാത്രമാണ് സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കുന്നത്. പത്തു വിക്കറ്റും ശേഷിക്കേ 102 പന്തിൽ 119 റൺസ് മതിയെന്ന നിലയിലെത്തി ഹോങ്കോംഗ്. മുപ്പത്തഞ്ചാം ഓവറിൽ കുൽദീപ് യാദവാണ് ഈ കൂട്ടുകെട്ട് തകർത്തത്. ടേൺ ചെയ്ത പന്ത് റാത്ത് നേരെ എക്‌സ്ട്രാ കവറിലേക്കുയർത്തി. ഒരു റൺ ചേർക്കുമ്പോഴേക്കും നിസഖത്തിനെ വിക്കറ്റിനു മുന്നിൽ കുടുക്കി രാജസ്ഥാന്റെ ഇടങ്കൈയൻ പെയ്‌സർ ഖലീൽ അഹ്മദ് കരിയറിലെ കന്നി രാജ്യാന്തര വിക്കറ്റ് സ്വന്തമാക്കി. ഖലീലിന് മൂന്നു വിക്കറ്റ് കിട്ടി. യുസ്‌വേന്ദ്ര ചഹലിന് മൂന്നും. കുൽദീപ് യാദവ് വേഗത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയവരുടെ പട്ടികയിൽ രണ്ടാമതെത്തി. അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനമാണ് ഖലീലിന്റേത്. 
നേരത്തെ അനായാസം മുന്നൂറ് കടക്കുമെന്ന് തോന്നിയ ഇന്ത്യയെ ഏഴിന് 285 ലൊതുക്കിയത് ഹോങ്കോംഗ് ബൗളിംഗിന്റെ വിജയമായിരുന്നു. പന്ത് അനായാസം ബാറ്റിലേക്ക് വരാതിരുന്നതിനാൽ സ്‌കോറിംഗ് എളുപ്പമല്ലാത്ത പിച്ചിൽ ശിഖർ ധവാനും (120 പന്തിൽ 127) അമ്പാട്ടി രായുഡുവും മാത്രമേ ബുദ്ധിപൂർവം ബാറ്റ് ചെയ്തുള്ളൂ. നാൽപതോവറിൽ രണ്ടിന് 237 ലെത്തിയപ്പോൾ 300 അരികിലാണെന്ന് തോന്നി. എന്നാൽ അവസാന പത്തോവറിൽ 48 റൺസെടുക്കുമ്പോഴേക്കും ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടു. 
ഇന്നിംഗ്‌സിന്റെ പകുതിയിലേറെയും ഇന്ത്യ കൂറ്റനടികൾക്കു ശ്രമിക്കാതെ റൺസ് വാരുകയായിരുന്നു. വമ്പനടികൾക്ക് ശ്രമിച്ചതോടെ വിക്കറ്റ് വീണു. രണ്ടോവറിനിടെ എട്ട് റൺസിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. പതിനാലാം സെഞ്ചുറി നേടിയ ശിഖറിന്റേതുൾപ്പെടെ. മഹേന്ദ്ര ധോണി മൂന്ന് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ മടങ്ങി. ദിനേശ് കാർത്തികും (38 പന്തിൽ 33) കേദാർ ജാദവും (27 പന്തിൽ 28 നോട്ടൗട്ട്) സ്‌കോർ മുന്നോട്ടു നീക്കിയത്.
ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമയും (22 പന്തിൽ 23) ശിഖറും എട്ടോവറിൽ 45 റൺസ് ചേർത്ത് നല്ല തുടക്കമാണ് നൽകിയത്. രോഹിതിനെ പെയ്‌സ്ബൗളർ ഇഹ്‌സാൻ ഖാൻ പുറത്താക്കി. രായുഡു ശിഖറിന് കൂട്ടെത്തിയതോടെ റൺസ് അനായാസം ഒഴുകി. ഇരുവരും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. മുപ്പതാം ഓവറിൽ രായുഡുവിനെ ഇഹ്‌സാൻ നവാസ് പുറത്താക്കി. ദിനേശിനെ സാക്ഷിയാക്കിയാണ് ശിഖർ സെഞ്ചുറി പൂർത്തിയാക്കിയത്. 

സ്‌കോർ ബോർഡ്
ഇന്ത്യ

രോഹിത് സി നിസഖത് ബി ഇഹ്‌സാൻ 23 (22, 4-5), ശിഖർ സി തൻവീർ ബി കെ.ഡി. ഷാ 127 (120, 6-2, 4-15), രായുഡു സി മക്കച്‌നി ബി ഇഹ്‌സാൻ 60 (70, 6-2, 4-3), ദിനേശ് സി ബാബർ ബി ഷാ 33 (38, 4-3), ധോണി സി മക്കച്‌നി ബി ഇഹ്‌സാൻ 0 (3), കേദാർ നോട്ടൗട്ട് 28 (27, 6-1), ഭുവനേശ്വർ സി അൻഷുമൻ ബി ഷാ 9 (18), ശാർദുൽ സി കാർടർ ബി അയ്‌സാസ് 0 (3), കുൽദീപ് നോട്ടൗട്ട് 0 (0) 
എക്‌സ്ട്രാസ് - 5
ആകെ (ഏഴിന്) - 285
വിക്കറ്റ് വീഴ്ച: 1-45, 2-161, 3-240, 4-242, 5-248, 6-277, 7-282
ബൗളിംഗ്: തൻവീർ 4-0-34-0, ഇഹ്‌സാൻ 8-0-50-1, അയ്‌സാസ് 8-0-41-1, ഇഹ്‌സാൻ ഖാൻ 10-0-65-2, നദീം 10-0-39-0, നിസഖത് 1-0-15-0, കെ.ഡി ഷാ 9-0-39-3
ഹോങ്കോംഗ്
നിസഖത് എൽ.ബി ഖലീൽ 92 (115, 6-1, 4-12), അൻഷുമൻ സി രോഹിത് ബി കുൽദീപ് 73 (97, 6-1, 4-4), ബാബർ സി ധോണി ബി ചഹൽ 18 (20, 6-2, 4-1), കാർടർ സി ധോണി ബി ഖലീൽ 3 (11), കെ.ഡി. ഷാ സി ശിഖർ ബി ചഹൽ 17 (15, 6-1), ഇഹ്‌സാൻ ഖാൻ സി ആന്റ് ബി ഖലീൽ 22 (25), അയ്‌സാസ് എൽ.ബി ചഹൽ 0 (1), മെകച്‌നി സ്റ്റമ്പ്ഡ് ധോണി ബി കുൽദീപ് 7 (6, 4-1), തൻവീർ അഫ്‌സൽ നോട്ടൗട്ട് 12 (10, 6-1, 4-1), ഇഹ്‌സാൻ നവാസ് നോട്ടൗട്ട് 2 (3) 
എക്‌സ്ട്രാസ് - 12
ആകെ (എട്ടിന്) - 259
വിക്കറ്റ് വീഴ്ച: 1-174, 2-175, 3-191, 4-199, 5-227, 6-228, 7-240, 8-256
ബൗളിംഗ്: ഭുവനേശ്വർ 9-0-51-0, ഖലീൽ 10-0-48-3, ശാർദുൽ 4-0-41-0, ചഹൽ 10-0-44-3, കുൽദീപ് 10-2-42-2, കേദാർ 7-0-28-0

Latest News