തിരൂർ- ആലത്തിയൂർ ആലിങ്ങലിൽ വീട്ടുവേലക്കാരി ഭക്ഷണത്തിലും ജ്യൂസിലും വീട്ടുകാർക്കു മയക്കുമരുന്ന് കലർത്തി മോഷണം നടത്തിയ സംഭവത്തിൽ വീട്ടുവേലക്കാരിയെ എത്തിച്ചു നൽകിയ തമിഴ്‌നാട് സേലം സ്വദേശിയെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. തിരൂർ പാൻബസാറിൽ താമസക്കാരനായ ഇയാളെ മുമ്പ് പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. വീട്ടുവേലക്കാരിയെ പൊള്ളാച്ചി ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ടെന്നായിരുന്നു ഇയാൾ നേരത്തെ പോലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ വീട്ടുകാരോടു പറഞ്ഞിരുന്നത് തന്റെ ഭാര്യയാണെന്നായിരുന്നു. ഇതിൽ വൈരുധ്യം തോന്നിയതിനെ തുടർന്നാണ് പോലീസ് ഇയാളെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തിരൂർ ആലിങ്ങൽ എടശേരി ഖാലിദ് അലിയുടെ വീട്ടിലാണ് ജോലിക്കെത്തിയ തമിഴ്‌നാട് സ്വദേശിനി മാരിയമ്മ ഭക്ഷണ പാനീയത്തിൽ വിഷം കലർത്തി വീട്ടുകാർക്കു നൽകി കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ കവർച്ച നടത്തിയത്. സംഭവത്തിന്റെ മൂന്നു ദിവസം മുമ്പാണ് മാരിയമ്മ ഖാലിദ് അലിയുടെ വീട്ടിൽ ജോലിക്കെത്തിയത്. മുടി വളരാനെന്ന പേരിലും ജലദോഷത്തിനുള്ള മരുന്നെന്ന പേരിലുമാണ് മയക്കുമരുന്ന് കലർത്തി നൽകിയത്. രക്ഷപ്പെട്ട മാരിയമ്മയെ തെരഞ്ഞ് തിരൂർ പോലീസ് വിവിധ സ്‌ക്വാഡുകളായി അന്വേഷണം ഊർജിതമാക്കി. അന്വേഷണ സംഘങ്ങൾ തിരുവനന്തപുരം ആറ്റിങ്ങലും തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലുമെത്തിയാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ ആശുപത്രി വിട്ട കുടുംബത്തിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു വീണ്ടും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.