ബാഴ്‌സലോണ - ഈ സീസണിലെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിൽ ആദ്യ ഗോളും ആദ്യ ഹാട്രിക്കും ലിയണൽ മെസ്സിയുടെ ബൂട്ടിൽ നിന്ന്. ബാഴ്‌സലോണ 4-0 ന് പി.എസ്.വി ഐന്തോവനെ തോൽപിച്ചു. ഇടവേളക്ക് മുമ്പ് തകർപ്പൻ ഫ്രീകിക്കിലൂടെ മെസ്സി ഗോൾവേട്ടക്ക് തുടക്കമിട്ടു. എഴുപത്തിമൂന്നാം മിനിറ്റിൽ ഒറ്റക്കുള്ള മുന്നേറ്റത്തിനൊടുവിൽ ഉസ്മാൻ ദെംബെലെയുടെ മിന്നു ഗോളിൽ ആതിഥേയർ ലീഡുയർത്തി. എഴുപത്തേഴാം മിനിറ്റിൽ മെസ്സി തന്റെ രണ്ടാം ഗോൾ കണ്ടെത്തി. 13 മിനിറ്റ് ശേഷിക്കെ സാമുവേൽ ഉംറ്റിറ്റി ചുവപ്പ് കാർഡ് കണ്ടെങ്കിലും ബാഴ്‌സലോണ വീണ്ടും ഗോളടിച്ചു. എൺപത്തേഴാം മിനിറ്റിലാണ് മെസ്സി ഹാട്രിക് പൂർത്തിയാക്കിയത്.
ചാമ്പ്യൻസ് ലീഗിൽ തിരിച്ചെത്തിയ ഇന്റർ മിലാൻ ഒരു ഗോൾ വഴങ്ങിയ ശേഷം 2-1 ന് ടോട്ടനത്തെ അട്ടിമറിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു വിജയ ഗോൾ.
മെസ്സിയുടെ ജീനിയസാണ് ഈ സീസണിലെ ആദ്യ ചാമ്പ്യൻസ് ഗോളിന് വഴി തുറന്നത്. പി.എസ്.വി പെനാൽട്ടി ബോക്‌സിനു മുന്നിൽ കിട്ടിയ ഫ്രീകിക്ക് മനോഹരമായി മെസ്സി വളച്ചുവിട്ടത് ഗോൾകീപ്പർ സോയറ്റിന്റെ നീട്ടിയ കൈകൾക്കുമപ്പുറത്തു കൂടെ വലയിട്ടു കുലുക്കി. രണ്ടാം പകുതിയിൽ ഫെലിപ്പെ കൗടിഞ്ഞൊ ഒരുക്കിയ സുവർണാവസരം ലൂയിസ് സോറസ് പാഴാക്കിയ ഉടനെയായിരുന്നു രണ്ടാം ഗോൾ.
ടോട്ടനമിനെതിരെ ആദ്യ പകുതിയിൽ ഇന്ററാണ് കളി നിയന്ത്രിച്ചത്. എന്നാൽ മികച്ച അവസരം കിട്ടിയത് ടോട്ടനമിനായിരുന്നു. ഇടവേളക്ക് അൽപം മുമ്പ് കിട്ടിയ അവസരം ഹാരി കെയ്ൻ പാഴാക്കി. ക്രിസ്റ്റ്യൻ എറിക്‌സന്റെ പാസ് ചന്തമുള്ള ഫസ്റ്റ് ടച്ചോടെ നിയന്ത്രിച്ച് ബോക്‌സിലേക്ക് കയറിയ കെയ്ൻ ഷൂട്ട് ചെയ്യുന്നതിനു പകരം ഗോളിയെ വലം വെക്കാനാണ് ശ്രമിച്ചത്. അതോടെ അവസരം പാഴായി. ഇടവേളക്കു ശേഷം ക്രിസ്റ്റ്യൻ എറിക്‌സൻ ടോട്ടനമിനെ മുന്നിലെത്തിച്ചു. എറിക്‌സന്റെ ഷോട്ട് ഡിഫന്ററുടെ ശരീരത്തിൽ തട്ടിത്തിരിഞ്ഞ് വലയിൽ കയറുകയായിരുന്നു.