റിയാദ് - സൗദിയിൽ പാർപ്പിട വാടക കുറയൽ തുടരുന്നതായി ഔദ്യോഗിക കണക്ക്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ജൂലൈയിലെ ജീവിത ചെലവ് സൂചികയിൽ പാർപ്പിട വാടക വിഭാഗം മൂന്നര ശതമാനം കുറഞ്ഞതായി വ്യക്തമാക്കുന്നു. പാർപ്പിട വാടക വിഭാഗം സൂചിക 106.7 പോയന്റ് ആയി ആണ് കുറഞ്ഞത്. 2017 ജൂലൈയിൽ പാർപ്പിട വാടക സൂചിക 110.6 പോയന്റ് ആയിരുന്നു.
തുടർച്ചയായി ഏഴാം മാസമാണ് പാർപ്പിട വാടക മേഖലാ സൂചിക കുറയുന്നത്. ജൂണിൽ 2.8 ശതമാനവും മേയിൽ 2.5 ശതമാനവും ഏപ്രിലിൽ 1.5 ശതമാനവും മാർച്ചിൽ 0.9 ശതമാനവും ഫെബ്രുവരിയിൽ 0.5 ശതമാനവും ജനുവരിയിൽ 0.5 ശതമാനവും തോതിൽ സൂചിക കുറഞ്ഞിരുന്നു. 2017 ഡിസംബറിനെ അപേക്ഷിച്ച് 2018 ജൂലൈയിൽ വാടക മേഖലാ സൂചിക നാലു ശതമാനം കുറഞ്ഞിട്ടുണ്ട്. ഡിസംബറിൽ സൂചിക 111.1 പോയന്റ് ആയിരുന്നു. സൂചിക കണക്കാക്കുന്നതിന് അവലംബിക്കുന്ന അടിസ്ഥാന വർഷം 2013 നു പകരം 2017 ആക്കി മാറ്റിയ ശേഷം ആദ്യമായാണ് ഡിസംബറിൽ സൂചിക ഇത്രയും ഉയരുന്നത്.
പാർപ്പിടം, ജലം, വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവ അടങ്ങിയ ഗ്രൂപ്പ് ആണ് പണപ്പെരുപ്പത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത്. ഈ ഗ്രൂപ്പിന്റെ സൂചിക ജൂലൈയിൽ 1.3 ശതമാനം കുറഞ്ഞിരുന്നു. തുടർച്ചയായി മൂന്നാം മാസമാണ് ഈ ഗ്രൂപ്പിന്റെ സൂചിക കുറയുന്നത്. ജൂണിൽ 1.4 ശതമാനവും മേയിൽ 0.4 ശതമാനവുമാണ് സൂചിക കുറഞ്ഞത്. സൗദിയിലെ മൊത്തം ജീവിതച്ചെലവ് കണക്കാക്കുന്ന സൂചികയിൽ ഈ ഗ്രൂപ്പിന്റെ വെയ്‌റ്റേജ് 21 ശതമാനമാണ്.