Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആംബുലന്‍സ് സേവനം സ്വകാര്യ മേഖലക്ക് നല്‍കുന്നു

റിയാദ്- ആംബുലന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് സ്വകാര്യ മേഖലക്ക് ലൈസന്‍സ് നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. നിശ്ചിത നിരക്കുകള്‍ പ്രകാരം ആംബുലന്‍സ് സേവനം നല്‍കുന്നതിന് സ്വകാര്യ മേഖലയെ അനുവദിക്കാനാണ് നീക്കം. രോഗികളെയും അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവരെയും ആശുപത്രികളിലേക്ക് നീക്കുന്നതിന് സ്വകാര്യ ആംബുലന്‍സ് കമ്പനികള്‍ക്ക് അനുമതിയുണ്ടാകും.
തുടക്കത്തില്‍ ഏതാനും വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ആംബുലന്‍സ് സേവനം നല്‍കുന്നതിനാണ് സ്വകാര്യ മേഖലയെ അനുവദിക്കുക. ആരോഗ്യനില ഭദ്രമായ രോഗികളെയും പരിക്കേറ്റവരെയും വീടുകളില്‍ നിന്ന് ആശുപത്രികളിലേക്കും തിരിച്ചും കൊണ്ടുപോവുക, ആശുപത്രികള്‍ക്കിടയില്‍ രോഗികളെയും പരിക്കേറ്റവരെയും നീക്കം ചെയ്യുക, ഒരു നഗരത്തിലെ ആശുപത്രിയില്‍ നിന്ന് മറ്റൊരു നഗരത്തിലെ ആശുപത്രിയിലേക്ക് രോഗികളെയും പരിക്കേറ്റവരെയും കൊണ്ടുപോവുക എന്നീ സേവനങ്ങള്‍ക്ക് സ്വകാര്യ മേഖലയെ അനുവദിക്കും.
വിദഗ്ധ മെഡിക്കല്‍ സംഘം ആംബുലന്‍സുകളില്‍ ഉണ്ടായിരിക്കണം. മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് നേടുന്ന രോഗികളെ ആശുപത്രികളില്‍ എത്തിക്കുന്നതിനും വൃക്ക രോഗികളെ ഡയാലിസിസ് സെന്ററുകളിലെത്തിക്കുന്നതിനും സ്വകാര്യ ആംബുലന്‍സുകള്‍ക്ക് അനുമതിയുണ്ടാകും.
സൗദി റെഡ് ക്രസന്റ് സൊസൈറ്റി തയാറാക്കുന്ന മാനദണ്ഡങ്ങളും വ്യവസ്ഥകളും പൂര്‍ണമായി പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക.

 

Latest News