Sorry, you need to enable JavaScript to visit this website.

കണ്ടത്തുവയല്‍ ഇരട്ടക്കൊല: കേസിന്റെ ചുരുളഴിച്ചതിങ്ങനെ

മാനന്തവാടി- വെള്ളമുണ്ട കണ്ടത്തുവയൽ പുരിഞ്ഞിയിൽ  വാഴയിൽ ഉമർ(26), ഭാര്യ ഫാത്തിമ(19) എന്നിവരെ തലക്കടിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി പിടിയിൽ. തൊട്ടിൽപ്പാലം മരുതോറയിൽ കലണ്ടോട്ടുമ്മൽ  വിശ്വനാഥനാണ്(45) സംഭവം നടന്നു രണ്ടു മാസത്തിനു ശേഷം പിടിയിലായത്. പ്രതി അറസ്റ്റിലായ വിവരം ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമി, കേസ് അന്വേഷണത്തിനു നേതൃത്വം നൽകിയ മാനന്തവാടി ഡിവൈ.എസ്.പി കെ.എം. ദേവസ്യ, കൽപറ്റ ഡിവൈ.എസ്.പി പ്രിൻസ് ഏബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്. 
ജൂലൈ ആറിനു രാവിലെയാണ് യുവ ദമ്പതികളായ ഉമറിനെയും ഫാത്തിമയെയും സ്വവസതിയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാടിനെ നടുക്കിയ കൃത്യം നടന്നു എട്ട് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്തി നിയമത്തിനു മുന്നിൽ നിർത്താൻ പോലീസിനു കഴിയാതിരുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനു കാരണമായിരുന്നു. കേസ് അന്വേഷണം കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി കണ്ടത്തുവയൽ-പുരിഞ്ഞി നിവാസികൾ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭത്തിനു തയാറെടുക്കുന്നതിനിടെയാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. 
മോഷണ ശ്രമത്തിനിടെയാണ് വിശ്വനാഥൻ യുവ ദമ്പതികളെ വകവരുത്തിയതെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു. മോഷണം തൊഴിലാക്കിയ ആളാണ് വിശ്വനാഥൻ. സ്ത്രീ പീഡനം, വിശ്വാസ വഞ്ചന കേസുകളിലും ഇയാൾ പ്രതിയാണ്. ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ചൊക്ലി, കുറ്റിയാടി, തൊട്ടിൽപ്പാലം സ്റ്റേഷനുകളിലാണ് വിശ്വനാഥൻ നേരത്തേ ഉൾപ്പെട്ട കേസുകൾ. ഇരട്ടക്കൊലക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മുൻ കുറ്റവാളികളെ നിരീക്ഷണ വിധേയമാക്കിയാണ് വിശ്വനാഥൻ പോലീസ് വലയിലാകുന്നതിനു സഹായകമായത്. സമീപ കാലത്ത് വിശ്വനാഥൻ ചില സാമ്പത്തിക ബാധ്യതകൾ തീർത്തതായി വിവരം ലഭിച്ച പോലീസ് അയാളെ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയമായി ചോദ്യം ചെയ്തപ്പോഴാണ് കേസിന്റെ ചുരുളഴിഞ്ഞത്. കണ്ടത്തുവയലിൽ നിന്നു വിശ്വനാഥൻ അപഹരിച്ച ആഭരണങ്ങൾ കുറ്റിയാടിയിലെ സ്വർണപ്പണിക്കാരിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. ദമ്പതികളെ നിഷ്ഠൂരമായി വധിക്കാൻ ഉപയോഗിച്ച ഇരുമ്പുവടി പുരിഞ്ഞിയിലെ കമുകിൻതോപ്പിലെ ചാലിൽ നിന്നു പോലീസിനു ലഭിച്ചു. കമുകുതോട്ടത്തിൽ പ്രതി ചൂണ്ടിക്കാട്ടിയ സ്ഥലം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ ആയുധം കണ്ടെത്തിയത്. 


ജൂലൈ അഞ്ചിനു രാത്രി വൈകി പുരിഞ്ഞിയിൽ ബസിറങ്ങിയ വിശ്വനാഥൻ മോഷണത്തിനായി പ്രദേശത്തു കറങ്ങുന്നതിനിടെ തുറന്നു കിടന്ന അടുക്കള വാതിലും പ്രകാശിക്കുന്ന ലൈറ്റുകളുമാണ് യുവദമ്പതികളുടെ വീട്ടിലേക്ക് ആകർഷിച്ചത്. മുമ്പ് ലോട്ടറിക്കച്ചവടത്തിനു വെള്ളമുണ്ട, മാനന്തവാടി ഭാഗങ്ങളിൽ ഇയാൾ എത്തിയിട്ടുണ്ട്. വിശ്വനാഥൻ അടുക്കള വാതിലിലൂടെ വീടിനകത്ത് പ്രവേശിച്ചപ്പോൾ ഉറക്കത്തിലായിരുന്നു ദമ്പതികൾ. ഫാത്തിമ അണിഞ്ഞിരുന്ന മാല പൊട്ടിക്കുന്നതിനിടെ ഉണർന്ന ഉമറിനെ വിശ്വനാഥൻ കമ്പിവടിക്ക് തലയിലും മുഖത്തും അടിച്ചു വീഴ്ത്തി. ഉമറിന്റെ കരച്ചിൽകേട്ടുണർന്ന ഫാത്തിമയെയും ഇതേ രീതിയിൽ അടിച്ചു വീഴ്ത്തി. പിന്നീട് ഇരുവരുടെയും തലയിൽ അമർത്തിപ്പിടിച്ചാണ് മരണം ഉറപ്പു വരുത്തിയത്. ഫാത്തിമയുടെ ദേഹത്തെ ആഭരണങ്ങൾ അഴിച്ചെടുത്തതിനു ശേഷം തെളിവു നശിപ്പിക്കുന്നതിനായി മുറിയിലും പരിസരത്തും മുളകുപൊടി വിതറി. പിന്നീട് കൊലയ്ക്കു ഉപയോഗിച്ച ആയുധം കമുകിൻതോപ്പിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. 
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ മാനന്തവാടി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള 28 അംഗ സംഘമാണ് ഇരട്ടക്കൊലക്കേസ് അന്വേഷിച്ചത്. മാനന്തവാടി സി.ഐ പി.കെ.മണി, ബത്തേരി സി.ഐ എം.ഡി. സുനിൽ, എസ്‌ഐമാരായ മാത്യു, ജിതേഷ്, ബിജു ആന്റണി, എ.സ്.ഐമാരായ അബൂബക്കർ, സുഭാഷ് മണി, ജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്, ബിജു, വർഗീസ്, റിയാസുദ്ദീൻ, റഹീം, പ്രമോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഉസ്മാൻ, ഹക്കീം റിയാസ്, സുമേഷ്, സൂരജ്, പ്രമോദ്, ജിതേഷ്, ജിൻസൻ, അബ്ദുറഹ്മാൻ, അനിൽ, ഗിരീഷ്, രാജേഷ്, സിഡിയ, വിരലടയാള വിദഗ്ധരായ ബിജുലാൽ, സിന്ധു, യൂണിറ്റ് അംഗങ്ങളായ കിരൺ, ലിബീഷ്, ബിപിൻ തുടങ്ങിയവരും ഉൾപ്പെടുന്നതായിരുന്നു അന്വേഷണ സംഘം. പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളുടേതടക്കം വിരലടയാളം, കാൽപാടുകൾ, രണ്ടു ലക്ഷത്തിലധികം ഫോൺ കോളുകൾ, നൂറുകണക്കിനു എസ്എംഎസുകൾ എന്നിവയാണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചത്. സൈബർ സെല്ലിന്റെ സഹായവും കേരള പോലീസിന്റെ ക്രൈം സൈറ്റുകളിൽ നിന്നുള്ള വിവരവും അന്വേഷണത്തിനു ഉപയോഗപ്പെടുത്തി. കൊലപാതകങ്ങൾ മോഷണ ശ്രമത്തിനിടെയാണെന്നു ഉറപ്പിച്ചതിനു ശേഷമാണ് സ്ഥിരം മോഷ്ടാക്കളിലേക്കു അന്വേഷണം വ്യാപിപ്പിച്ചത്. അത് ഫലം കാണുകയായിരുന്നു. ഫാത്തിമയുടെ ശരീരത്തിൽ നിന്നു അഴിച്ചെടുത്ത എട്ടു പവനോളം വരുന്ന ആഭരണങ്ങൾ ഒന്നേകാൽ ലക്ഷം രൂപയ്ക്കാണ് വിശ്വനാഥൻ വിറ്റത്. കൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങളും ഫാത്തിമയുടെ മൊബൈൽ ഫോണും പ്രതിയുടെ വീട്ടിൽനിന്നു പോലീസ് കണ്ടെടുത്തു. 
തെളിവെടുപ്പിനായി ഇന്നലെ ഉച്ചയോടെ പ്രതിയെ കണ്ടത്തുവയൽ പുരിഞ്ഞിയിൽ എത്തിച്ചപ്പോൾ സ്ത്രീകളടക്കം നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. പ്രതിക്കെതിരെ രോഷപ്രകടനം നടത്തിയും പോലീസിനെ അഭിനന്ദിച്ച് മുദ്രാവാക്യം മുഴക്കിയും നിലയുറപ്പിച്ച ജനക്കൂട്ടം തെളിവെടുപ്പിനും നേരിട തടസമായി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻതോതിൽ പോലീസിനെ പ്രദേശത്തു വിന്യസിച്ചിരുന്നു. പുരിഞ്ഞിയിൽ തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. 
വീട്ടിനുള്ളിലുണ്ടായിരുന്ന പണവും ഫാത്തിമ അണിഞ്ഞിരുന്ന മുഴുവൻ ആഭരണങ്ങളും നഷ്ടപ്പെടാതിരുന്നതും  അന്വേഷണ സംഘത്തെ കുഴക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഉമറിന്റെ കുടുംബ, സാമൂഹിക ബന്ധങ്ങളും പോലീസ് നിരീക്ഷിച്ചു. ഇതിനിടെ കേസ് അന്വേഷണം മറ്റൊരു ഏജൻസിക്കു കൈമാറണമെന്ന ആവശ്യവും ഉയരുകയുണ്ടായി. കണ്ടത്തുവയൽ ഇരട്ടക്കൊലക്കേസ് അന്വേഷണത്തിനിടെ പോലീസ് മറ്റു 27 കളവു കേസുകളിലെ പ്രതികളെയും പിടികൂടി.

Latest News