Sorry, you need to enable JavaScript to visit this website.

അസീറില്‍ കൂറ്റന്‍ തിമിംഗലം തീരത്തടിഞ്ഞു

അസീര്‍ പ്രവിശ്യയിലെ അല്‍ഖഹ്മ തീരത്ത് ചത്തടിഞ്ഞ തിമിംഗലം.

അബഹ- അസീര്‍ പ്രവിശ്യയിലെ അല്‍ഖഹ്മ തീരത്ത് തിമിംഗലം ചത്തടിഞ്ഞു. ഹംപ്‌ബേക്ക് വേല്‍ ഇനത്തില്‍ പെട്ട തിമിംഗലമാണ് ചത്തത്. അല്‍ഖഹ്മ മത്സ്യബന്ധന ജെട്ടിയില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരെയാണ് ചത്ത തിമിംഗലത്തെ കണ്ടെത്തിയത്.
അല്‍ഖഹ്മ തീരത്ത് സമുദ്രജീവി ചത്തടിഞ്ഞതായി അതിര്‍ത്തി സുരക്ഷാ സേന അറിയിക്കുകയായിരുന്നെന്ന് അല്‍ഖഹ്മ മത്സ്യവിഭവ വകുപ്പ് ശാഖാ മേധാവി അലി ഹിംദി പറഞ്ഞു. ഏറ്റവും വലിയ സമുദ്ര ജീവിയായ ഹംപ്‌ബേക്ക് വേല്‍' ഇനത്തില്‍ പെട്ട തിമിംഗലമാണ് ഇതെന്ന് പരിശോധനയില്‍ വ്യക്തമായി. പതിനഞ്ചു മീറ്റര്‍ നീളവും നാലു മുതല്‍ ആറു മീറ്റര്‍ ശരീര വണ്ണവുമുള്ള തിമിംഗലമാണിത്. ഈയിനത്തില്‍ പെട്ട തിമിംഗലം ചിലപ്പോള്‍ ചെങ്കടലില്‍ ഉണ്ടാകാറുണ്ട്. വലിയ കപ്പലുകള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കുമൊപ്പം നീന്തിയാണ് മഹാസമുദ്രങ്ങളില്‍ നിന്ന് ഇത്തരം തിമിംഗലങ്ങള്‍ ചെങ്കടലിലും അറേബ്യന്‍ ഉള്‍ക്കടലിലും പ്രവേശിക്കുന്നത്. പിന്നീട് വഴിതെറ്റുന്ന ഇവക്ക് മഹാസമുദ്രത്തില്‍ തിരികെ പ്രവേശിക്കുന്നതിന് സാധിക്കില്ല. ചൂട് കൂടിയ അന്തരീക്ഷവും വരള്‍ച്ചയും മൂലം ശ്വാസംമുട്ടിയോ കൂറ്റന്‍ എണ്ണക്കപ്പലുകളുടെ എന്‍ജിനില്‍ ഇടിച്ച് പരിക്കേറ്റോ ഇവ പിന്നീട് ചാകും.
ബീച്ചില്‍ നിന്ന് പത്തു മീറ്റര്‍ ദൂരെ തിമിംഗലത്തെ കുഴിച്ചിടുന്നതിന് അതിര്‍ത്തി സുരക്ഷാ സേന, നഗരസഭ, മത്സ്യവിഭവ വകുപ്പ് എന്നിവയുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരീരം അഴുകിയ ശേഷം പുറംഭാഗത്തെ രൂപം എംബാം ചെയ്ത് പ്രദേശത്തെ മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അല്‍ഖഹ്മ മത്സ്യവിഭവ വകുപ്പ് ശാഖാ മേധാവി അലി ഹിംദി പറഞ്ഞു.

 

 

Latest News