തലശ്ശേരി- ട്യൂഷനെത്തിയ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ ടീച്ചറുടെ ഭർത്താവായ 58 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി നഗരത്തിലെ ഒരു വീട്ടിൽ ട്യൂഷന് വന്നു കൊണ്ടിരുന്ന 12 വയസ്സുകാരിയെയാണ് തിങ്കളാഴ്ച രാത്രി ഏഴര മണിയോടെ അധ്യാപികയുടെ ഭർത്താവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പ്രതിയെ നാട്ടുകാരും പോലീസും കൂടി വീട്ടിലെ വാതിൽ തകർത്താണ് പിടികൂടിയത്.
അധ്യാപിക വീട്ടിലില്ലാത്ത സമയത്ത് ട്യൂഷനുണ്ടെന്ന് കരുതി വീട്ടിലെത്തിയ കുട്ടിയെ പ്രതി തന്ത്രപൂർവം അകത്തേക്ക് ക്ഷണിക്കുകയായിരുന്നു. തുടർന്ന് മാനഭംഗപ്പെടുത്താനുള്ള ശ്രമം നടത്തി. ഇതിനിടെ പെൺകുട്ടി കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി. സംഭവം ശ്രദ്ധയിൽപെട്ട പരിസരവാസികളും നാട്ടുകാരും എത്തുമ്പോഴേക്കും പ്രതി വാതിൽ അടച്ച് വീട്ടിനകത്ത് നിൽക്കുകയായിരുന്നു. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി തുറക്കാതെ മുറിക്കകത്ത് തന്നെ കഴിഞ്ഞു. തുടർന്ന് സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാതിൽ തകർത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. തലശ്ശേരി എസ്.ഐ എ.അഷറഫിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് ഇന്നലെ വനിതാ പോലീസ് മൊഴി രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്‌സോ ആക്ട് പ്രകാരം കേസെടുത്തു.