Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസ നിധിയിലേക്ക്  ഒരു മാസത്തെ  ശമ്പളം പിടിക്കാനുള്ള നീക്കം പാളുന്നു

കോഴിക്കോട് - സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  പിടിക്കാനുള്ള നീക്കം പാളുന്നു. സെപ്റ്റംബർ മാസത്തെ ശമ്പളം മുതൽ 10 മാസം കൊണ്ട് മുപ്പത് ദിവസത്തെ വേതനം പിടിക്കാനാണ് പരിപാടി.
ശമ്പളം നൽകാൻ വിസമ്മതിക്കുന്നവർ അക്കാര്യം എഴുതി നൽകണമെന്ന് നിർദ്ദേശിക്കുന്നു. സി.പി.എം അനുകൂല സംഘടനകളിൽപെട്ടവർ തന്നെ ശമ്പളം നൽകാൻ തയ്യാറല്ലെന്ന് എഴുതി നൽകുന്ന സ്ഥിതിയാണ്. യു.ഡി.എഫ് അനുകൂല സംഘടനകളാകട്ടെ വിസമ്മതപത്രം നൽകാൻ ജീവനക്കാരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
പ്രതീക്ഷിച്ച തുക ലഭിക്കില്ലെന്നതിന് പുറമേ ജീവനക്കാരിൽ സർക്കാറിനോട് അതൃപ്തി ഉണ്ടാക്കാനും നടപടി ഇടയാക്കുമെന്നാണ് സൂചന. ഇടത് അനുകൂല സംഘടനയുടെ ഭാരവാഹിയായ ഒരാൾ ഭാര്യയോ ഭർത്താവോ ആരെങ്കിലും ഒരാളുടെ ശമ്പളമേ നൽകൂ എന്ന നിലപാട് പരസ്യപ്പെടുത്തിയത്  വിവാദമായിരുന്നു. ഇതിനിടയിൽ നിർബന്ധ പിരിവിനെ ഹൈക്കോടതി അപലപിക്കുകയും ചെയ്തു.
പ്രളയത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആദ്യം എടുത്ത നടപടികളിലൊന്ന് ഓണബത്ത പിടിക്കുകയായിരുന്നു. ഇതിനകം ഓണബത്ത കൈപ്പറ്റിയവരിൽനിന്ന് തിരിച്ചുപിടിക്കാനും നിർദ്ദേശിച്ചു. ഈ നിലയിൽ 102 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയത്.
തുടർന്ന് രണ്ട് ദിവസത്തെ വേതനം നൽകണമെന്ന സർക്കാറിന്റെ അഭ്യർത്ഥന വന്നു. ഈ നിർദ്ദേശത്തോട് തന്നെ സമ്മിശ്ര പ്രതികരണം  ഉണ്ടായതിനിടെയാണ് ഒരു മാസത്തെ വേതനം എന്ന അഭ്യർത്ഥന മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്.
ഇതോടെ ജീവനക്കാരുടെ പ്രതിഷേധം ശക്തമായി. ഒരു മാസത്തെ വേതനം നൽകാത്തവർ 'വിസമ്മതം' എഴുതി നൽകണമെന്ന ധനമന്ത്രിയുടെ നിർദ്ദേശത്തെ പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകൾ എതിർത്തു. എത്രയും തുക നൽകാനുള്ള അവസരം ഉണ്ടാകണമെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. ഇത് ധനമന്ത്രി അംഗീകരിച്ചില്ല.
ഇതോടെ സർക്കാറിന്റെ ധൂർത്ത്, ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ചെലവഴിക്കൽ തുടങ്ങിയ വിഷയങ്ങളിൽ വലിയ സംവാദമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നുള്ള വിനിയോഗം ശരിയാംവണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടാൻ എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകിയതും തൃശൂരിലെ പാർട്ടി സമ്മേളനത്തിൽനിന്ന് തിരുവനന്തപുരത്ത് ഹെലികോപ്ടറിലെത്താനുള്ള ചെലവ് ഓഖി ഫണ്ടിൽനിന്ന് എടുക്കാൻ ശ്രമിച്ചതും ചൂണ്ടിക്കാട്ടുന്നു. സർക്കാർ ധൂർത്തും ആർഭാടവും തുടരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പുതിയ മന്ത്രിയുടെ സ്ഥാനാരോഹണവും മുഖ്യമന്ത്രിയുടെ അമേരിക്കൻ ചികിത്സയും തെളിവായി ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് വരുന്നതും ചെലവഴിക്കുന്നതും സുതാര്യമാണെന്നും ആർക്കും കാണാമെന്നും ഭരണാനുകൂലികൾ വാദിക്കുന്നു. ഇതര സംസ്ഥാനങ്ങളിലെ ജീവനക്കാരും  തൊഴിലാളികളും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുമ്പോൾ സർക്കാർ ജീവനക്കാർ മടിക്കുന്നത് ശരിയല്ലെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
ഇത്തരത്തിൽ സർക്കാർ ജീവനക്കാർക്കിടയിൽ നടക്കുന്ന സമൂഹ മാധ്യമ വാദ പ്രതിവാദങ്ങളെ സർക്കാർ വീക്ഷിക്കുന്നുണ്ട്. ശമ്പളത്തിൽനിന്ന് പലതരം കിഴിവുകൾ കഴിച്ചാണ് ജീവനക്കാരന്റെ കൈയിൽ കിട്ടുക. എന്നാൽ സർക്കാർ ആവശ്യപ്പെടുന്നത് കിഴിവിന് മുമ്പുള്ള തുകയാണ്. ഇത് അന്യായമാണെന്നും വാദിക്കുന്നുണ്ട്. ഭാര്യയും ഭർത്താവും ജീവനക്കാരാണെങ്കിൽ ഒരാളിൽ നിന്ന് മാത്രം വാങ്ങിയാൽ മതിയെന്നും പ്രളയം ബാധിച്ച ജീവനക്കാരെ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
സെപ്റ്റംബർ 22നകം വിസമ്മതപത്രം നൽകാത്തവരിൽ നിന്ന് മൂന്നു ദിവസത്തെ വേതനം സർക്കാർ എടുക്കും. എത്ര ജീവനക്കാർ ഇതിൽ പങ്കാളികളാകുമെന്ന് സർക്കാർ നിരീക്ഷിക്കുകയാണ്. ഒരു മാസത്തിൽ കുറഞ്ഞതോ കൂടുതലോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വന്തം നിലയിൽ നൽകാൻ അവസരമുണ്ടെന്നും സർക്കാർ വിശദീകരിക്കുന്നു.

Latest News