ചെർപ്പുളശ്ശേരി- പീഡനാരോപണ വിധേയനായ പി.കെ. ശശി എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ടൗണിൽ നിന്നാരംഭിച്ച മാർച്ച് എം.എൽ.എ ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ച് പോലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് തടയുകയായിരുന്നു. തുടർന്ന് സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് മാർച്ച് ഉദ്ഘാടനം ചെയ്തു.
പീഡനക്കേസ് പാർട്ടി അന്വേഷിച്ചതു കൊണ്ടു മാത്രം പ്രശ്‌നം തീരില്ലെന്നും, കേസെടുത്ത് പോലീസ് അന്വേഷണം നടത്താൻ തയ്യാറാവണമെന്നും, എം.എൽ.എ രാജിവെക്കുംവരെ പ്രക്ഷോഭം തുടരുമെന്നും അഭിജിത് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അജയ് ഘോഷ് അധ്യക്ഷത വഹിച്ചു. കെ.ടി. അജ്മൽ, കെ.പി.സി.സി.സി സെക്രട്ടറി സി. ചന്ദ്രൻ, പി.പി.വിനോദ് കുമാർ, പി. സുബീഷ് എന്നിവർ സംസാരിച്ചു. തുടർന്നു പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതേ തുടർന്ന് പോലീസ് ലാത്തി വീശുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, ജില്ലാ പ്രസിഡന്റ് അജയ്‌ഘോഷ് എന്നിവരുൾപ്പടെ ഏഴുപേർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. ഇവർ ചെർപ്പുളശ്ശേരി ഗവ.ആശുപത്രിയിൽ ചികിത്സ തേടി. സംഘർഷത്തിനിടെ ഉണ്ടായ കല്ലേറിൽ ചെർപ്പുളശ്ശേരി എസ്.ഐ എൻ.രാജേഷ്, ശ്രീകൃഷ്ണപുരം എസ്.ഐ പി. ശ്രീനിവാസൻ, സിവിൽ പോലീസ് ഓഫീസർ വി.രാജൻ എന്നിവർക്കും പരിക്കുപറ്റി. ഇവരും ചികിത്സ തേടി.
പ്രകോപനമില്ലാതെ സമരം കഴിഞ്ഞ് പോകുന്നതിനിടെയാണ് പ്രവർത്തകരെ പോലീസ് മർദ്ദിച്ചതെന്ന് കെ.എം. അഭിജിത് പറഞ്ഞു. അതേസമയം സംഘർഷവുമായി ബന്ധപ്പെട്ട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത് ഉൾപ്പടെ 150 ഓളം പേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.