കൊച്ചി - യുവാവിന്റെ തലച്ചോറിന്റെ അടിഭാഗത്തു കാണപ്പെട്ട മുഴ മൂക്കിലൂടെയുള്ള താക്കോൽ ദ്വാര ശസ്ത്രക്രിയ വഴി നീക്കം ചെയ്ത് എറണാകുളം ജനറൽ ആശുപത്രി അപൂർവ്വ നേട്ടം കൈവരിച്ചു. ആലുവ തോട്ടുമുഖം എരുത്തിൽപറമ്പ് എ.കെ ഷാജഹാന്റെ (28) തലച്ചോറിലെ മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ ഇത്തരം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇഎൻടി സർജൻ ഡോ. കെ.ജി സജു, ന്യൂറോ സർജൻ ഡോ. ഡാൽവിൻ തോമസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
വെൽഡിംഗ് തൊഴിലാളിയായ ഷാജഹാൻ കാഴ്ച തടസം, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങളുമായിട്ടാണ് ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയത്. വിശദമായ പരിശോധനയിൽ തലച്ചോറിന് താഴെ പിറ്റിയൂട്ടറി ഗ്രന്ഥിയിൽ നാല് സെന്റീമീറ്ററോളം വലിപ്പമുള്ള മുഴ കണ്ടെത്തി. തുടർന്ന് തലയോട്ടി തുറന്ന് മുഴ നീക്കം ചെയ്യുന്ന പതിവ് രീതിക്ക് പകരം ന്യൂറോ, ഇഎൻടി സർജറി വിഭാഗങ്ങളുടെ ഏകോപനത്തിൽ മൂക്കിലൂടെ മുഴ നീക്കം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനാവശ്യമായ അത്യാധുനിക ഉപകരണങ്ങൾ ജനറൽ ആശുപത്രിയിൽ ഇല്ലാതിരുന്നതിനാൽ താൽക്കാലികമായി ബന്ധപ്പെട്ട കമ്പനികളിൽ നിന്ന് ഇവ കടം വാങ്ങുകയായിരുന്നു. ഓഗസ്റ്റ് 15 നായിരുന്നു ശസ്ത്രക്രിയ.
സങ്കീർണ്ണതകൾ നിറഞ്ഞതും ഏറെ സൂക്ഷ്മവുമായ ശസ്ത്രക്രിയ നാലു മണിക്കൂർ എടുത്താണ് പൂർത്തിയാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം ബോധം ഉണർന്നപ്പോൾ തന്നെ രോഗിക്ക് കാഴ്ചശക്തി തിരികെ ലഭിച്ചു. സ്വകാര്യ ആശുപത്രികളിൽ രണ്ട് മുതൽ നാല് ലക്ഷം രൂപ വരെ ചിലവ് വരുന്ന ശസ്ത്രക്രിയ മരുന്നുകൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം രൂപ ചിലവിൽ പൂർത്തീകരിക്കാനായി. സമീപ ഭാവിയിൽതന്നെ ഇത്തരം ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ ജനറൽ ആശുപത്രിക്ക് സ്വന്തമാക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അനസ്തറ്റിസ്റ്റുകളായ ഡോ. ഷേർളി ജെയിംസ്, ഡോ. ദിവ്യ, ഡോ. അനന്തനാരായണൻ എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളികളായി.