അണക്കെട്ടുകൾ തുറന്നുണ്ടായ പ്രളയ ജലം അഴിമുഖത്തേക്ക് കുത്തിയൊഴുകിയ കാഞ്ഞിരപ്പുഴയുടെ ഓളപ്പരപ്പുകൾ വകഞ്ഞുമാറ്റി മുസിരിസിന്റെ ചരിത്രം തേടി വിനോദ സഞ്ചാരികൾ വീണ്ടും എത്തിത്തുടങ്ങി.
മുസിരിസ് പൈതൃക പദ്ധതിയുടെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ജലപാതകളിൽ ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടുകൾ വിനോദ സഞ്ചാരികളെയും കൊണ്ട് ഇരുപതു ദിവസങ്ങൾക്കു ശേഷം സർവീസ് പുനരാരംഭിച്ചതോടെ കൊടുങ്ങല്ലൂരിലെ മുസിരിസ് തീരങ്ങൾ പൂർണമായും പഴയ സ്ഥിതിയിലേക്ക് തിരിച്ചെത്തി.
സ്വാതന്ത്ര്യ ദിനം മുതൽ പെരിയാറിലൂടെ ഒഴുകിയെത്തിയ പ്രളയ ജലം കാഞ്ഞിരപ്പുഴയുടെ തീരങ്ങളിൽ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് വെള്ളത്തിനടിയിലാക്കിയത്. അതിനോടൊപ്പം കേരള ചരിത്രത്തിന്റെ രണ്ടായിരം വർഷത്തെ നേർക്കാഴ്ചയൊരുക്കിയ മുസിരിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ പ്രധാന കേന്ദ്രങ്ങളെയും പ്രളയ ജലം വിഴുങ്ങിയിരുന്നു.
പദ്ധതിയുടെ പ്രധാന ജല കവാടങ്ങളായ കൊടുങ്ങല്ലൂർ കോട്ടപ്പുറത്തെ ബോട്ടു ജെട്ടിയും കാവിൽക്കടവിലെയും കോട്ടയിലെയും ജെട്ടികളും വെള്ളത്തിനടിയിലായിരുന്നു. മാത്രമല്ല, നൂറുകണക്കിന് സഞ്ചാരികളെ ആകർഷിച്ചിരുന്ന കോട്ടപ്പുറം കായലോരത്തെ ആംഫി തിയേറ്ററും മനോഹരമായ നടപ്പാതകളും ഭക്ഷണത്തെരുവും ദിവസങ്ങളോളം പ്രളയ ജലത്തിനടിയിലായിരുന്നു.
ഗോതുരുത്ത്, മാല്യങ്കര, മടപ്ലാത്തുരുത്ത്, മൂത്തകുന്നം, വടക്കേക്കര തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ജനങ്ങളെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി വഞ്ചികളിലും ബോട്ടുകളിലും കൊണ്ടിറക്കിയത് ആംഫി തിയേറ്ററിലായിരുന്നു. അവിടെനിന്ന് ചുമന്നും ചെറുവഞ്ചികളിൽ കയറ്റിയുമാണ് ഇവരെ കരയിലെത്തിച്ചിരുന്നത്. ഇപ്പോൾ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്തതോടെ മുസിരിസിന്റെ ഈ പ്രധാന കവാടം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.
ചരിത്രാന്വേഷകരും വിനോദ സഞ്ചാരികളും മുസിരിസിന്റെ ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടുകളിൽ കയറി ഇവിടെ വന്നിറങ്ങാനും കയറിപ്പോകാനും ആരംഭിച്ചതോടെ ഇവിടം സജീവമാവുകയാണ്. 24 പേർക്ക് സഞ്ചരിക്കാവുന്ന രണ്ടു ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടുകളും അഞ്ചു വാട്ടർ ടാക്സികളുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഹോപ് ഓൺ ഹോപ് ഓഫ് ബോട്ടുകളിൽ 24 പേർക്ക് ഭക്ഷണവും വിവിധ മ്യൂസിയങ്ങളുടെ സന്ദർശനവുമടക്കം 19,800 രൂപയും 16 പേർക്ക് 13,500 രൂപയുമാണ് ചാർജ് ഈടാക്കുന്നത്. ഇപ്പോൾ 25 ശതമാനം കിഴിവു നൽകും.
വാട്ടർ ടാക്സിയിൽ അഞ്ചുപേരടങ്ങുന്ന കുടുംബത്തിന് ഭക്ഷണമടക്കം 5850 രൂപയാണ് ഈടാക്കുന്നത്.