റിയാദ് - റിയാദിലെ ലേഡീസ് ഷോപ്പുകളിൽ സക്കാത്ത്, നികുതി അതോറിറ്റി നടത്തിയ പരിശോധനകളിൽ മൂല്യവർധിത നികുതിയുമായി ബന്ധപ്പെട്ട 112 നിയമ ലംഘനങ്ങൾ കണ്ടെത്തി. സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ വനിതാ സംഘങ്ങളാണ് ലേഡീസ് ഷോപ്പുകളിൽ പരിശോധനകൾ നടത്തിയത്. ജനുവരി ഒന്നിന് മൂല്യവർധിത നികുതി നിലവിൽവന്ന ശേഷം ആദ്യമായാണ് ലേഡീസ് ഷോപ്പുകളിൽ സക്കാത്ത്, നികുതി അതോറിറ്റി വനിതാ സംഘങ്ങൾ പരിശോധന നടത്തുന്നത്. റിയാദിലെ 178 ലേഡീസ് ഷോപ്പുകളിലാണ് സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ വനിതാ സംഘങ്ങൾ പരിശോധനകൾ നടത്തിയത്.
വാറ്റ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ നികുതി ഈടാക്കൽ, അഞ്ചു ശതമാനത്തിൽ കൂടുതൽ നികുതി ഈടാക്കൽ, അഞ്ചു ശതമാനത്തിൽ കുറവ് നികുതി ഈടാക്കൽ പോലുള്ള നിയമ ലംഘനങ്ങളാണ് ലേഡീസ് ഷോപ്പുകളിൽ പ്രധാനമായും കണ്ടെത്തിയത്.
തങ്ങൾ ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ മൂല്യവർധിത സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപങ്ങളാണോയെന്ന് അറിയുന്നതിനും നിയമ ലംഘനം നടത്തുന്ന സ്ഥാപനങ്ങളെ കുറിച്ച് അറിയിക്കുന്നതിനും വാറ്റ് ആപ്ലിക്കേഷൻ ഉപയോഗിക്കണമെന്ന് സക്കാത്ത്, നികുതി അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഈയാവശ്യത്തിന് സക്കാത്ത്, നികുതി അതോറിറ്റിക്കു കീഴിലെ കോൾ സെന്ററിൽ 19993 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അതോറിറ്റി പറഞ്ഞു.