തിരുവനന്തപുരം- ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുളള കുടിയേറ്റം അഞ്ചു വര്‍ഷത്തിനിടെ 11 ശതമാനം ഇടിഞ്ഞതായി സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സി.ഡി.എസ്) സര്‍വെ. 2013-നും 2018-നുമിടയിലാണ് ഈ ഇടിവുണ്ടായത്. 21 ലക്ഷത്തോളം മലയാളികളാണ് ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയത്. ഇതില്‍ 15.8 ശതമാനം സ്ത്രീകളാണ്. മൂന്ന് ലക്ഷം പ്രവാസികളുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് 2013ലെ കുടിയേറ്റക്കാരുടെ പത്തിലൊന്ന് വരും. 2018 ആയപ്പോഴേക്കും കുടിയേറ്റക്കാരുടെ എണ്ണത്തില്‍ 11.6 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്- കേരള കുടിയേറ്റ് സര്‍വെ 2018ന് നേതൃത്വം നല്‍കിയ സി.ഡി.എസ് പ്രൊഫസര്‍ എസ്. ഇരുദയരാജന്‍ പറഞ്ഞു. 1998 മുതല്‍ സി.ഡി.എസ് നടത്തിവരുന്ന കുടിയേറ്റ സര്‍വേ പരമ്പരയില്‍ എട്ടാമത് സര്‍വേ ഫലമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരികുന്നത്.
ജനസംഖ്യാപരമായ പുരോഗതി അടക്കം പലകാരണങ്ങളാണ് കുടിയേറ്റത്തിലെ കുറവിന് അടിസ്ഥാനമായതെന്ന് ഇരുദയരാജന്‍ പറയുന്നു. കുടിയേറ്റ സാധ്യത കൂടുതലുള്ള 15-29 പ്രായഗണത്തിലുള്ളവരുടെ ജനസംഖ്യയില്‍ കുറവുണ്ടായതാണ് ഒരു കാരണം. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ശമ്പള വര്‍ധന ഉണ്ടായില്ല. ഇത് വരുമാനം കുറക്കാനിയാക്കുകും കുടിയേറ്റം നിരുത്സാഹപ്പെടുത്തുകയും ചെയ്തു. മറ്റൊരു കാരണം കേരളത്തിലെ ശമ്പള വര്‍ധനയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
ഗള്‍ഫ് സമ്പദ് വ്യവസ്ഥകളുടെ നട്ടെല്ലായ എണ്ണ വിലയില്‍ 2010 മുതല്‍ ഉണ്ടായ ഇടിവും ഒരു കാരണമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എണ്ണ വിലയില്‍ നേരിയ വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥയെ ഇതു കാര്യമായി ബാധിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ നിതാഖാത്ത്, കുടുംബ നികുതികള്‍ തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലെ ദേശീയവല്‍ക്കരണ നയങ്ങള്‍ കാരണം കുടിയേറ്റക്കാര്‍ക്ക് ഗള്‍ഫ് ആകര്‍ഷകമല്ലാതായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനുവരി മുതല്‍ മാര്‍ച്ച് വരെ കേരളത്തിലെ 15,000 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് പ്രവാസി വകുപ്പുമായി ചേര്‍ന്ന് സി.ഡി.എസ് സര്‍വെ നടത്തിയത്.
പ്രധാന കണ്ടെത്തലുകള്‍
കേരളത്തിലെ മൊത്തം പ്രവാസികളില്‍ 89.2 ശതമാനം പേരും ഗള്‍ഫ് രാജ്യങ്ങളിലാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. ബാക്കി പത്തു ശതമാനം പേര്‍ യുഎസ്, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലാണ്. മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ 20.70 ലക്ഷം മലയാളികളാണ് 2013ല്‍ ഉണ്ടായിരുന്നത്. 2018 ആയപ്പോഴേക്കും ഇത് 18.93 ലക്ഷമായി ഇടിഞ്ഞു.
2013ല്‍ സൗദി അറേബ്യയിലുണ്ടായിരുന്ന മലയാളി പ്രവാസികളുടെ എണ്ണം 5.22 ലക്ഷമാണ്. 2018ല്‍ ഇത് 4.87 ലക്ഷമായി ഇടിഞ്ഞു. യു.എ.ഇയില്‍ 2013ലുണ്ടായിരുന്ന 8.90 ലക്ഷം പേര്‍ 2018ല്‍ 8.30 ലക്ഷമായി കുറഞ്ഞു. ബഹ്‌റൈനില്‍ 1.49 ലക്ഷം പേരുണ്ടായിരുന്നത് 81,000 ആയും കുറഞ്ഞു. അതേസമയം ഖത്തറില്‍ മലയാളി പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 2013ല്‍ 1.06 ലക്ഷം മലയാളികളാണ് ഖത്തറിലുണ്ടായിരുന്നത്. 2018ല്‍ 1.86 ലക്ഷമായി വര്‍ധിച്ചു.
കേരളത്തിലെ അഞ്ച് കുടുംബങ്ങളെ എടുത്താല്‍ അതിലൊന്നില്‍ പ്രവാസി ഉണ്ടായിരിക്കുമെന്നാണ് ഏറ്റവും പുതിയ കണക്ക്. മുസ്ലിം കുടുംബങ്ങളില്‍ മുന്നിലൊന്നിലും പ്രവാസി ഉണ്ടാകും. ക്രൈസ്തവ കുടുംബങ്ങളില്‍ അഞ്ചലിനൊന്നും ഹിന്ദു കുടുംബങ്ങളില്‍ പത്തിലൊന്നും പ്രവാസി സാന്നിധ്യമുണ്ട്.
കേരളത്തിലേക്ക് പ്രവാസികള്‍ വര്‍ഷത്തില്‍ അയക്കുന്ന പണം 85,092 കോടി രൂപയിലെത്തിയെന്നാണ് കണക്കാക്കപ്പെടുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസി പണം എത്തുന്നത് മലപ്പുറം ജില്ലയിലാണ്. പ്രവാസികള്‍ അയക്കുന്ന മൊത്തം തുകയുടെ 21 ശതമാനവും മലപ്പുറം ജില്ലയിലെത്തുന്നു. രണ്ടാം സ്ഥാനത്ത് കൊല്ലം (15 ശതമാനം). പിന്നീട് തൃശൂര്‍ (11 ശതമാനം). കുടിയേറ്റത്തില്‍ ഇടിവുണ്ടാകുമ്പോഴും പ്രവാസികള്‍ അയക്കുന്ന പണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. ഇതിനു കാരണം ഗള്‍ഫിലെ മലയാളി പ്രവാസികള്‍ സാമൂഹികമായി ഉയരുകയും ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതുമാണെന്ന് ഇരുദയരാജന്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതും കൂടുതല്‍ പണം നാട്ടിലേക്കയക്കാന്‍ പ്രേരിപ്പിക്കുന്നു. എങ്കിലും കേളത്തില്‍ നിന്നുള്ള കുടിയേറ്റം കുറഞ്ഞെന്നും പ്രവാസികളുടെ മടക്കം വര്‍ധിച്ചെന്നുമാണ് സര്‍വെ ഫലം സ്ഥിരീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ ചരിത്രം അവസാന ഘട്ടത്തിലെത്തിയതായും ഇരുദയരാജന്‍ പറഞ്ഞു.