റിയാദ്- വിദേശികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുക എന്ന നിർദേശം റദ്ദാക്കിയിട്ടില്ലെന്ന് ശൂറാ കൗൺസിൽ ഔദ്യോഗിക വക്താവ് ഡോ. മുഹമ്മദ് ബിൻ അബ്ദുല്ല അൽമുഹന്ന വ്യക്തമാക്കി. നിർദേശം ഇതുവരെ ശൂറാ കൗൺസിൽ സെക്രട്ടറിയേറ്റ് പിൻവലിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശികൾ നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ബുധനാഴ്ച ശൂറാ കൗൺസിൽ ചർച്ച ചെയ്തിരുന്നില്ല. ഈ വിഷയം പിന്നീട് ചർച്ച ചെയ്യുന്നതിനായി മാറ്റിവെച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനതാൽപര്യവും നന്മയും പരിഗണിച്ച് ശൂറാ കൗൺസിൽ നടപടിക്രമങ്ങളിൽ മാറ്റം വരുത്താറുണ്ട്. അതേസമയം, ചർച്ച മാറ്റിവെച്ചത് ബന്ധപ്പെട്ട സമിതിക്ക് വിശദമായ പഠനത്തിനും വിദഗ്ധരുടെയും സർക്കാർ വകുപ്പുകളുടെയും അഭിപ്രായങ്ങൾ തേടുന്നതിനും ഉപകരിക്കുമെന്നും ശൂറാ കൗൺസിൽ വക്താവ് കൂട്ടിച്ചേർത്തു. ചർച്ച മാറ്റിവെച്ചതിലൂടെ ശൂറാ അംഗങ്ങൾക്ക് മുമ്പിൽ വിഷയം സമഗ്രമായി പഠിച്ച് അവതരിപ്പിക്കാൻ സമയം ലഭിച്ചതായും ഡോ. മുഹമ്മദ് അൽമുഹന്ന പറഞ്ഞു.
അതേസമയം, വിദേശ തൊഴിലാളികൾ 2015, 2016, 2017 വർഷങ്ങളിൽ നാടുകളിലേക്ക് അയച്ച പണത്തിൽ ഏഴ് ശതമാനം കുറവ് രേഖപ്പെടുത്തിയതായി സാമ ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി വെളിപ്പെടുത്തി.