കൊച്ചി- പ്രളയബാധിതനായ പ്രവാസി തൂങ്ങിമരിച്ചു. പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിൽ ബംഗ്ലാവ് പറമ്പിൽ രവി (58) യാണ് തിങ്കളാഴ്ച പുലർച്ചെ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ തൂങ്ങിമരിച്ചത്. വിദേശത്ത് ജോലി ചെയ്തിരുന്ന രവിക്ക് തേലത്തുരുത്ത് സെൻററിൽ സ്വന്തമായി സ്ഥലവും വീടും ഉണ്ടായിരുന്നു. മൂത്ത മകളുടെ വിവാഹത്തിന് വീടും സ്ഥലവും വിറ്റ രവി തൃശൂർ ജില്ലയിലെ പടിയൂരിൽ വീട് വെച്ച് താമസിക്കുകയായിരുന്നു. രണ്ടാമത്തെ മകളുടെ വിവാഹം പടിയൂരിലാണ് നടത്തിയത്. ഇതിനായി ഇവിടത്തെ വീടും വിറ്റു. മൂന്ന് വർഷം മുമ്പ് സ്വദേശമായ തേലത്തുരുത്തിൽ വാടകക്ക് വീടെടുത്ത് ഭാര്യയോടൊപ്പം താമസം തുടങ്ങി. രണ്ടാമത്തെ വാടക വീട്ടിലായിരുന്നു നിലവിൽ താമസം. ഈ പ്രദേശത്ത് ആദ്യം തന്നെ വെള്ളം കയറുന്ന സ്ഥലത്തായിരുന്നു രവിയുടെ വാടകവീട്. മൂന്ന് പ്രാവശ്യമാണ് ഇവിടെ വെള്ളം കയറിയത്. ആദ്യം അനുജന്റെ വീട്ടിലും പിന്നീട് കേരള ഓഡിറ്റോറിയത്തിലെ ക്യാമ്പിലും മാഞ്ഞാലി ക്രിസ്ത്യൻ പള്ളി ക്യാമ്പിലുമാണ് കഴിഞ്ഞത്. ക്യാമ്പിൽ നിന്നും മടങ്ങിയതിന് ശേഷം രവി വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. സ്വന്തമായൊരു വീട് ഇനി നടക്കില്ലെന്ന് രവി പറയുമായിരുന്നു. രവിയെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നതായി വാർഡ് മെമ്പർ അനിക്കുട്ടൻ പറഞ്ഞു. വീടും സ്ഥലവും ഇല്ലാത്തവരുടെ പട്ടികയിലാണ് രവിയെ ഉൾപ്പെടുത്തിയിരുന്നത്. സ്ഥലമുള്ളവർക്കെല്ലാം വീട് നല്കിയിട്ടേ സ്ഥലമില്ലാത്തവരെ പരിഗണിക്കുകയുള്ളൂ. രവിക്ക് എന്ന് വീട് ലഭിക്കുമെന്ന് പറയാൻ കഴിയില്ലെന്നും മെമ്പർ പറഞ്ഞു. കൽപ്പണിക്കാരനായ രവി സമീപ ദിവസങ്ങളിൽ ജോലിക്ക് പോയിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെ മൂത്രമൊഴിക്കാനായി പുറത്തിറങ്ങിയ രവിയെ കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതായതോടെ അന്വേഷിച്ചിറങ്ങിയ ഭാര്യ ഇന്ദിരക്ക് വീടിനടുത്തുള്ള മരത്തിൽ തൂങ്ങിനിൽക്കുന്ന രവിയെയാണ് കാണാനായത്. ഇന്ദിരയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ സമീപവാസികൾ ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: രാഖി, സാഖി. മരുമക്കൾ: വേണുഗോപാൽ, മണികണ്ഠൻ. വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.