ടാലൻസ് (ഫ്രാൻസ്) - ലോക ചാമ്പ്യൻ കെവിൻ മയർ ഡെക്കാത്തലണിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. അമേരിക്കയുടെ ആഷ്റ്റൻ ഈറ്റന്റെ പേരിലുള്ള 9045 പോയന്റിന്റെ റെക്കോർഡ് 9126 പോയന്റായാണ് ഫ്രഞ്ച് താരം മെച്ചപ്പെടുത്തിയത്. ജാവലിൻ ത്രോയിൽ കരിയർ ബെസ്റ്റായ 71.90 മീറ്റർ മയർ എറിഞ്ഞു. അതോടെ 1500 മീറ്റർ നാല് മിനിറ്റ് 49 സെക്കന്റിലെങ്കിലും ഫിനിഷ് ചെയ്താൽ ലോക റെക്കോർഡ് നേടാമെന്ന സ്ഥിതിയായി. ഇരുപത്താറുകാരൻ നാല് മിനിറ്റ് 36 സെക്കന്റിൽ 1500 മീറ്റർ ഓടി. 9000 പോയന്റിന്റെ മാന്ത്രിക അതിർത്തി കടക്കുന്ന മൂന്നാമത്തെ ഡെക്കാത്തലൺ താരമായി മയർ. ഡബ്ൾ ഒളിംപിക് ചാമ്പ്യൻ ഈറ്റണിനു പുറമെ ചെക് താരം റോമൻ സബ്രിലെയാണ് 9000 കടന്ന മറ്റൊരു ഡെക്കാത്തലൺ താരം.
ജർമനിയിൽ കഴിഞ്ഞ മാസം നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ എല്ലാ ചാട്ടവും ഫൗളായതോടെ മയർക്ക് മെഡൽ നഷ്ടപ്പെട്ടിരുന്നു. നിലവിലെ ലോക ചാമ്പ്യനും ഒളിംപിക് വെള്ളി മെഡലുകാരനുമാണ്.