ലണ്ടൻ - യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ പുതിയ സമയത്തിൽ ഇന്ന് ആരംഭിക്കുന്നു. സൗദി അറേബ്യൻ സമയം രാത്രി പത്തിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ മിക്ക കളികളും ആരംഭിക്കുക. സാധാരണ ഒമ്പതേ മുക്കാലിനാണ് ആരംഭിച്ചിരുന്നത്. ചില കളികൾ രാത്രി 7.55 നാണ് തുടങ്ങുന്നത്. അവ അവസാനിച്ച ശേഷം മറ്റു കളികൾ ആരംഭിക്കാനാണ് ഇത്.
ഗ്രൂപ്പ് മത്സരങ്ങളുടെ ഉദ്ഘാടന ദിവസം ബാഴ്‌സലോണയും പി.എസ്.വി ഐന്തോവനും തമ്മിലുള്ള കളി ഇന്ന് രാത്രി 7.55 നാണ്. ഇന്റർ മിലാനും ടോട്ടനവും തമ്മിലുള്ള കളിയും ഇതേ സമയത്ത് ആരംഭിക്കും. അതേസമയം ലിവർപൂൾ-പി.എസ്.ജി, ക്ലബ് ബ്രൂഷെ-ബൊറൂഷ്യ ഡോർട്മുണ്ട്, മോണകൊ-അത്‌ലറ്റിക്കൊ മഡ്രീഡ്, ലിവർപൂൾ-പി.എസ്.ജി, സിയോവേന സവെസ്ദ-നാപ്പോളി, ഗലതസറായ്-ലോക്കൊമോട്ടീവ്, ഷാൽക്കെ-പോർടൊ മത്സരങ്ങൾ രാത്രി 10 ന് തുടങ്ങും.
ഇംഗ്ലണ്ടിലെയും ജർമനിയിലെയും സ്‌പെയിനിലെയും ഇറ്റലിയിലെയും നാലാം സ്ഥാനക്കാർ പ്ലേഓഫ് പാതയിലൂടെ വരുന്നതിന് പകരം ഇത്തവണ നേരിട്ട് ഗ്രൂപ്പ് ഘട്ടത്തിലെത്തുകയായിരുന്നു. അതാണ് ഇന്റർ മിലാന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.
ഇന്ന് എ, ബി, സി, ഡി ഗ്രൂപ്പുകളിലാണ് മത്സരങ്ങൾ. നാളെ മറ്റു ഗ്രൂപ്പുകളിലും. ഗ്രൂപ്പ് എ-യിലെ മോണകൊ, ബൊറൂഷ്യ, അത്‌ലറ്റിക്കൊ, ബ്രൂഷെ ടീമുകളൊന്നും കഴിഞ്ഞ സീസണിൽ നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറിയിരുന്നില്ല. അതിനു മുമ്പുള്ള നാല് സീസണിലും അത്‌ലറ്റിക്കൊ ക്വാർട്ടറിലെങ്കിലുമെത്തിയിരുന്നു. ഇത്തവണ സ്പാനിഷ് ലീഗിൽ അത്‌ലറ്റിക്കൊ പരുങ്ങുകയാണ്. നാല് മത്സരങ്ങളിൽ ഒന്നു മാത്രമാണ് ജയിച്ചത്. ഫ്രഞ്ച് ലീഗിൽ ഫോമിലല്ലാത്ത മോണകോയാണ് അവരുടെ എതിരാളികൾ.
കഴിഞ്ഞ സീസണിൽ ക്വാർട്ടറിൽ പുറത്തായത് ബാഴ്‌സലോണക്ക് കനത്ത തിരിച്ചടിയാണ്. റോമക്കെതിരെ ആദ്യ പാദത്തിലെ 4-1 ലീഡ് അവർ വലിച്ചെറിയുകയായിരുന്നു. 2006 ൽ ബാഴ്‌സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ മാർക്ക് വാൻ ബൊമലാണ് ഇപ്പോൾ പി.എസ്.വി കോച്ച്. പ്രീമിയർ ലീഗിൽ സ്ഥിരത പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ടോട്ടനമിന് ഇതുവരെ ചാമ്പ്യൻസ് ട്രോഫി നേടാനായിട്ടില്ല.
നെയ്മാറും പുതിയ സെൻസേഷൻ കീലിയൻ എംബാപ്പെയും അണിനിരക്കുന്ന പി.എസ്.ജി പുതിയ കോച്ച് തോമസ് ടക്കലിന് കീഴിൽ ചാമ്പ്യൻസ് ട്രോഫിക്കായി മറ്റൊരു ശ്രമം നടത്തുകയാണ്. ലിവർപൂളുമായുള്ള പോരാട്ടം അഗ്നിപരീക്ഷയായിരിക്കും അവർക്ക്. പ്രശസ്ത കോച്ച് കാർലൊ ആഞ്ചലോട്ടിക്കു കീഴിലാണ് നാപ്പോളി ഒരുങ്ങുന്നത്.
മുൻ ചാമ്പ്യന്മാരായ പോർടൊ ഗ്രൂപ്പ് ഡി-യിൽ നിന്ന് മുന്നേറിയേക്കും. ഗലതസറായ് മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് തിരിച്ചെത്തുന്നത്. ഷാൾക്കെയും ലോക്കൊമോട്ടിവും നാലു വർഷത്തിനു ശേഷവും.