തളിപ്പറമ്പ്- ഏറെ കോളിളക്കം സൃഷ്ടിച്ച പെൺകെണി കേസിലെ പ്രതി കാസർകോട് സ്വദേശിയായ യുവതി പിടിയിലായി. കാസർകോട് കുട്‌ലു കാളിയങ്ങാട് ക്ഷേത്രത്തിനു സമീപത്തെ മൈഥിലി ഫ്‌ളാറ്റിൽ താമസിക്കുന്ന ഹഷീദ എന്ന സമീറയെ(32)യാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. സമീറയെ ഉപയോഗിച്ചാണ് ആളുകളെ കെണിയിൽ വീഴ്ത്തിയിരുന്നത്.
പയ്യന്നൂരിൽ നേരത്തെ ഹോട്ടൽ നടത്തിയിരുന്ന പ്രവാസിയായ മാതമംഗലം സ്വദേശി ഭാസ്‌കരനെ കെണിയിൽപ്പെടുത്തിയ കേസിലാണ് സമീറയെ അറസ്റ്റു ചെയ്തത്. കാങ്കോൽ സ്വദേശിയും കുറുമാത്തൂരിൽ വാടക വീട്ടിൽ താമസിക്കുന്നയാളുമായ തലയില്ലത്ത് മുസ്തഫ, അൻവർ, അബ്ദുല്ല എന്നിവർ ചേർന്നാണ് ഭാസ്‌കരനെ കെണിയിൽ വീഴ്ത്തിയത്. ഇതിൽ മുസ്തഫ, കഴിഞ്ഞ മാസം പിടിയിലായിരുന്നു. മറ്റുള്ളവരെ ഇതുവരെ കണ്ടെത്താനായില്ല. ഭാര്യയുമായി അകന്നു കഴിയുന്ന ഭാസ്‌കരനെ വിവാഹത്തിനു പ്രേരിപ്പിക്കുകയും തന്റെ പരിചയത്തിലുള്ള യുവതിയുണ്ടെന്ന് പറഞ്ഞ് മുസ്തഫ കെണിയിൽ വീഴ്ത്തുകയുമായിരുന്നു.
ചപ്പാരപ്പടവിലെ അബ്ദുൽ ജലീൽ, സുഹൃത്ത് അലി എന്നിവരെ സമീറയെ ഉപയോഗിച്ച് കബളിപ്പിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മുസ്തഫക്കു പുറമെ, ചുഴലി സ്വദേശി കെ.പി.ഇർഷാദ്(20), കുറുമാത്തൂരിലെ കൊടിയിൽ റുബൈസ്(22), നെടിയേങ്ങ നെല്ലിക്കുന്നിലെ അമൽ ദേവ്(21) എന്നിവരെ തളിപ്പറമ്പ് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിൽ റുബൈസ് രോഗമഭിനയിച്ച് ആശുപത്രിയിൽ എത്തി അവിടെ നിന്നും രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജലീൽ, സുഹൃത്ത് അലി എന്നിവരും സമീറയുമായുള്ള രംഗങ്ങൾ പകർത്തിയ ക്യാമറ, ലാപ്‌ടോപ്പ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തിരുന്നു. ഈ പ്രതികൾ പിടിയിലായതിനു പിന്നാലെയാണ് ഭാസ്‌കരൻ പരാതിയുമായി എത്തിയത്.
കാസർകോട്ടെ ഫ്‌ളാറ്റിൽ താമസിക്കുന്ന സമീറക്കൊപ്പം ബി.എം.എസ് പ്രവർത്തകനായ ദിനേശ് എന്നയാൾ കൂടിയുണ്ട്. ഇയാളെ വിവാഹം ചെയ്ത ശേഷമാണ് ഈ ഫ്‌ളാറ്റിൽ താമസമാക്കിയത്. പതിനാല് വയസ്സിൽ വിവാഹിതയായ സമീറക്ക് ആദ്യ വിവാഹത്തിൽ രണ്ട് മക്കളുണ്ട്. ശ്വേത എന്ന പേരിലാണ് ഇവർ നാട്ടിൽ അറിയപ്പെടുന്നത്. പ്രതിയെ തളിപ്പറമ്പ് ഡിവൈ.എസ്.പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു വരികയാണ്.