റിയാദ്- ദക്ഷിണ റിയാദിലെ അൽഖർജ് പർവത നിരകളിൽ ഒരു ലക്ഷം വർഷം മുമ്പ് മനുഷ്യവാസം ഉണ്ടായിരുന്നുവെന്നതിന് നിർണായക തെളിവുകൾ പുറത്തുവന്നു. സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെറിറ്റേജിന്റെ ആഭിമുഖ്യത്തിൽ സൗദി-ഫ്രഞ്ച് സംയുക്ത പര്യവേക്ഷക സംഘം നടത്തിയ ഗവേഷണത്തിലാണ് ഈ വസ്തുത കണ്ടെത്തിയത്. അൽഖർജിന് ചുറ്റും വ്യാപിച്ച് വാദി നസാഹിലേക്ക് നീണ്ടു കിടക്കുന്ന മലനിരകളിലും വാദി മാവാൻ, ഐൻ ഫുർസാൻ എന്നിവിടങ്ങളിലെ മലമ്പ്രദേശത്തും അൽശദീദ ഗ്രാമത്തിലെ പർവത പ്രദേശത്തും നടത്തിയ പുരാവസ്തു ഗവേഷണങ്ങളിലാണ് അതിപുരാതന കാലത്ത്, തന്നെ ഇവിടങ്ങളിൽ മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. ശിലായുഗത്തിൽ സ്ഥാപിതമായവയാണ് ഈ പ്രദേശങ്ങൾ എന്നും ഗവേഷകർ അനുമാനിക്കുന്നു. ഇവിടങ്ങളിൽനിന്ന് മനോഹരമായ പാത്രങ്ങളുടെ അവശിഷ്ടങ്ങൾ സംഘം കണ്ടെത്തി. കടും പച്ചയും ഇളം പച്ചയും നിറത്തിലുള്ളവയായിരുന്നു പാത്രങ്ങൾ. കൂടാതെ, കൽപാത്രങ്ങളും മഞ്ഞ, ചുവപ്പ്, നീല നിറത്തിലുള്ള സ്ഫടിക നിർമിത കൈവളകളും പാത്രങ്ങളും ഗവേഷകർക്ക് ലഭിച്ചു. സൗദികളും ഫ്രഞ്ചുകാരുമായ 18 പുരാവസ്തു ശാസ്ത്രജ്ഞർ അടങ്ങിയ സംഘം നടത്തിയ പഠനത്തിൽ അൽഖർജ് മരുപ്പച്ചയുടെ പടിഞ്ഞാറ് ഭാഗത്ത് അൽദിലഅ് തടാകത്തോട് ചേർന്ന് 5,000 വർഷം മുമ്പ് മനുഷ്യർ താമസിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് ലഭിച്ച 56 സെ. മീറ്റർ നീളമുള്ള ചെമ്പ് കൊണ്ട് നിർമിച്ച വാളിന് ക്രിസ്തുവിന് മുമ്പ് ആയിരം വർഷം പഴക്കമുണ്ടെന്നും തെളിഞ്ഞിട്ടുണ്ട്.
അൽഖിദ്‌റമ (പഴയ യെമാമ) യിൽ കാണുന്ന പുള്ളിയും കുത്തുമില്ലാത്ത ലിപികളും ഇസ്‌ലാമിന് മുമ്പ് അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിലനിന്നിരുന്ന അറബിക് ഭാഷ ലിഖിതമാണെന്നതിന് തെളിവാണെന്ന് പുരാവസ്തു വിദഗ്ധർ വെളിപ്പെടുത്തി. 2011 സെപ്റ്റംബറിലാണ് സൗദി ടൂറിസം, നാഷണൽ ഹെരിറ്റേജ് കമ്മീഷനുമായി പുരാവസ്തു പര്യവേക്ഷണത്തിൽ സഹകരിക്കുന്നതിന് ഫ്രാൻസ് കരാർ ഒപ്പുവെച്ചത്.