ഇടുക്കി- മഹാപ്രളയത്തിന്റെ കെടുതിയിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്താനുള്ള സോളിഡാരിറ്റിയുടെ ശ്രമങ്ങൾക്ക് ശ്രദ്ധേയമായ തുടക്കം. ഇടുക്കി ജില്ലയിൽ ചെറുതോണിയിലെ തടിയമ്പാട്ട് താമസിക്കുന്ന ഭിന്നശേഷിക്കാരായ ബിജു- സുധർമ്മ ദമ്പതികൾക്ക് വീട് അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കി നൽകിയാണ് പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് സോളിഡാരിറ്റി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചത്. ഇടുക്കി ഡാമിന്റെ ഷട്ടർ ഉയർത്തിയപ്പോഴായിരുന്നു ഈ കുടുംബം പ്രളയത്തിലകപ്പെട്ടുപോയത്.
കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കിയ സോളിഡാരിറ്റി ഇടുക്കി ജില്ലാ കമ്മിറ്റി കുടുംബത്തിന്റെ പുനരധിവാസം ഏറ്റെടുക്കുകയായിരുന്നു. ഒരു മാസം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്. ബധിരരും മൂകരുമായ ദമ്പതികൾക്ക് രണ്ടു കുട്ടികളാണുള്ളത്. ഇളയ ആൺകുട്ടി കാഴ്ച വൈകല്യത്തോടെ ആണ് ജനിച്ചത്. പ്രളയ മുന്നറിയിപ്പുകൾ വേണ്ട ഗൗരവത്തിൽ അറിയാനുള്ള മാർഗമില്ലാതെ പോയതിനാൽ വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ ഒന്നും തന്നെ മാറ്റാൻ കഴിഞ്ഞില്ല. ഈ നിസ്സഹായാവസ്ഥയിൽ കഴിയുന്നത്ര സഹായ നടപടികൾ ഉടനടി നടത്തുമെന്ന് ബിജുവിനെ സന്ദർശിച്ച് സോളിഡാരിറ്റി ഇടുക്കി ജില്ല നേതാക്കൾ ഉറപ്പ് നൽകിയിരുന്നു. സോളിഡാരിറ്റി വാക്ക് പാലിച്ചു. പ്രളയക്കെടുതിക്ക് ശേഷം സോളിഡാരിറ്റി ഏറ്റെടുത്ത് പണി പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ വീടാണ് ബധിരരും മൂകരുമായ ബിജു-സുധർമ്മ ദമ്പതികളുടെ കുടുംബത്തിന് കഴിഞ്ഞ ദിവസം കൈമാറിയത്. ഒരു ലക്ഷം രൂപ ചെലവു വരുന്ന നിർമ്മാണ അറ്റകുറ്റ പ്രവർത്തനങ്ങളാണ് ബിജുവിന്റെ കടുംബത്തിന് സംഘടന ചെയ്തു കൊടുത്തത്.
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, മരിയാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ സീന സാജു, മുഹയുദ്ദീൻ ജുമുഅ മസ്ജിദ് ഇമാം അബ്ദുൽ അസീസ് അൽ ഹാദി, ജില്ല പ്രസിഡന്റ് ഹലീം, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ഷാജഹാൻ നദ്‌വി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.