തിരുവനന്തപുരം - പ്രളയ ബാധിതരിൽ നിന്നു പോലും പണപ്പിരിവ് നടത്തുന്നതിലൂടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മറ്റൊരു ദുരന്തമായി മാറിയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ.
ദുരന്തം ഉണ്ടായപ്പോൾ അനുഭവിച്ചതിന്റെ പതിന്മടങ്ങ് ദുരിതമാണ് പ്രളയ ബാധിത മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്നതെന്നും ഹസൻ പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ പ്രളയാനന്തര കേരളം മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയ ദുരന്തം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടിവന്ന ചെങ്ങന്നൂർ, ആറന്മുള എന്നിവിടങ്ങളിലെ ജനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കാനായി 788 ഉദ്യോഗസ്ഥരെയാണ് ജില്ലാ കലക്ടർ നിയോഗിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ പിരിവിന് ഇറങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവ്. പുനരധിവാസ പ്രവർത്തനങ്ങൾ എണ്ണയിട്ട യന്ത്രം പോലെ നടത്തേണ്ട ഈ ഘട്ടത്തിൽ നിർബന്ധിത പണപ്പിരിവിനോടാണ് സർക്കാരിന് താൽപര്യമെന്നതിന്റെ തെളിവാണിത്.
മുഖ്യമന്ത്രി വിദേശ ചികിത്സക്ക് പോയതോടെ ദുരിതാശ്വാസപുനരധിവാസ പ്രവർത്തനങ്ങളിൽ സർവ്വത്ര ആശയക്കുഴപ്പമായി. നിർബന്ധ പണപ്പിരിവിലെ പ്രതിഷേധം തുടങ്ങി നിരവധി വിവാദങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഡാം സേഫ്റ്റി അതോറിറ്റി പിരിച്ചുവിട്ട് പുനഃസംഘടിപ്പിക്കണം. ഡാമുകളുടെ സുരക്ഷ മാത്രമാണ് പ്രധാനമെന്ന് പറയുന്ന റിട്ടയേർഡ് ജഡ്ജിമാരെയല്ല, പകരം വിദഗ്ധരെയാണ് സമിതിയിൽ ഉൾപ്പെടുത്തേണ്ടത്. ഡാമുകൾ കൂട്ടത്തോടെ തുറന്നുവിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം വേണം. ഈ അന്വേഷണ സമിതിയിലും വിദഗ്ധരെ നിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തുന്ന ധാർമിക സമരത്തിന് കോൺഗ്രസിന്റെ സർവ്വ പിന്തുണയുണ്ടെന്ന് എം.എം. ഹസൻ പറഞ്ഞു. കന്യാസ്ത്രീകൾ ആവശ്യപ്പെട്ടാൽ സമരപ്പന്തലിലെത്തും. കോൺഗ്രസിന്റെ വനിതാ നേതാക്കൾ ഇതിനോടകം തന്നെ സമരപ്പന്തലിലെത്തി കന്യാസ്ത്രീകൾക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
നീതി കിട്ടാത്തതുകൊണ്ടാണ് കന്യാസ്ത്രീകൾക്ക് സമരത്തിന് ഇറങ്ങേണ്ടി വന്നത്. എന്നാൽ ഇരകളോടൊപ്പം എന്നു പറയുകയും വേട്ടക്കാർക്കൊപ്പം നിൽക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. കന്യാസ്ത്രീകളുടെ ന്യായമായ ആവശ്യത്തിൽ നടപടികൾ വൈകുന്നത് അതിനാലാണ്. കന്യാസ്ത്രീകൾക്ക് പോലീസിനെയോ സർക്കാരിനെയോ വിശ്വാസമില്ല. അന്വേഷണ പുരോഗതി റിപ്പോർട്ട് പോലും പോലീസ് അവരെ അറിയിക്കുന്നില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. അക്കാര്യത്തിൽ പോലീസാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഹസൻ പറഞ്ഞു.