തിരൂർക്കാട് - ആർ.എസ്.എസ് നിയന്ത്രിക്കുന്ന സംഘ്പരിവാർ ഭരണകൂടം വെറുപ്പിന്റെ രാഷ്ട്രീയമാണ് വിതക്കുന്നതെന്നു ഗോരഖ്പുർ ദുരന്തത്തിൽ പിഞ്ചുകുട്ടികളുടെ ജീവൻ രക്ഷിച്ചു ലോകശ്രദ്ധ നേടിയ ഡോ. കഫീൽ ഖാൻ അഭിപ്രായപ്പെട്ടു. തിരൂർക്കാട് ഇലാഹിയ കോളേജ് വിദ്യാർഥികൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊള്ളയായ വാഗ്ദാനങ്ങളും തെറ്റായ പ്രചാരണങ്ങളും നടത്തി അധികാരത്തിലേറിയ മോഡി സർക്കാരിന്റെ കീഴിൽ വർഗീയതയാണ് നടമാടുന്നത്. സമുദായങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന സംഘ്പരിവാർ നയത്തിന്റെ ഫലമായാണ് രാജ്യത്തിനു മുഴുവൻ നാണക്കേടായി മാറിയ ആൾക്കൂട്ട കൊലപാതകങ്ങളും പീഡനങ്ങളും നടക്കുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടുകയാണ് മോഡി സർക്കാർ ചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു.
ഗോരഖ്പുർ ദുരന്തത്തിനു ശേഷം യോഗി സർക്കാർ ക്രൂരമായാണ് പെരുമാറുന്നത്. തന്റെ കുടുംബത്തെയും സഹോദരനെയും വേട്ടയാടി. ഇന്ത്യയിൽ എവിടെയും അനീതികൾക്കെതിരെ നീതിക്കായി ആദ്യം ശബ്ദമുയർത്തുന്ന കേരള ജനത തനിക്ക് നൽകുന്ന പിന്തുണ വാക്കുകൾക്കതീതമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സംഭവിച്ച പ്രളയം മഹാദുരന്തമാണ്. എന്നിരുന്നാലും കേരള ജനതയുടെ ഐക്യവും മനുഷ്യ സ്‌നേഹവും ലോകത്തിനു മുന്നിൽ പ്രകാശിപ്പിക്കപ്പെടുവാൻ ഈ പ്രളയം നിമിത്തമായെന്നും അദ്ദേഹം പറഞ്ഞു.
ഇലാഹിയ കോളേജിന്റെയും വിദ്യാർഥികളുടെയും ഉപഹാരങ്ങൾ കെ.കെ. അബ്ദുള്ള മൗലവി, ഹബീബ് റഹ്മാൻ എന്നിവർ നൽകി. സ്വീകരണ യോഗത്തിൽ എം.ടി. അബൂബക്കർ മൗലവി, ഡോ. മുഹമ്മദ് സബാഹ്, മുഹമ്മദലി മങ്കട, എം.ഐ. അനസ് മൻസൂർ, അബ്ദുൾ റൗഫ്, സി.എച്ച് ഫാറൂഖ്, ഫവാസ് കോയ എന്നിവർ പ്രസംഗിച്ചു.