Sorry, you need to enable JavaScript to visit this website.

ലൈംഗികാരോപണം നേരിടുന്ന അധ്യാപകനെ സർക്കാർ സംരക്ഷിക്കുന്നുവെന്ന്‌

കണ്ണൂർ - ലൈംഗികാരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും കണ്ണൂർ സർവകലാശാല അധികൃതരും കൈക്കൊള്ളുന്നതെന്ന് സർവകലാശാല അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനാ നേതാക്കൾ ആരോപിച്ചു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇവർ. 
മൂന്നു വിദ്യാർഥിനികളെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്തുവെന്ന് പരാതി ഉയർന്ന സർവകലാശാല ഗണിത ശാസ്ത്ര വിഭാഗം മേധാവി ഡോ.ടി.വി.രാമകൃഷ്ണനെയാണ് സർക്കാരും അധികൃതരും സംരക്ഷിക്കുന്നത്. ഈ അധ്യാപകനെതിരെ പോലീസ് കേസെടുത്തവെങ്കിലും ഇതുവരെ അറസ്റ്റു ചെയ്യാനോ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനോ തയ്യാറായിട്ടില്ല. സംഭവം വിവാദമായപ്പോൾ അധ്യാപകനെ മൂന്നു ദിവസത്തേക്കു സസ്‌പെൻഡു ചെയ്യുകയും പിന്നീട് ലീവിൽ പോകാൻ അനുവദിക്കുകയും ചെയ്തു. ഇപ്പോഴും ഈ അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. ഇതിനെതിരെ ശബ്ദമുയർത്തിയതിനു ജീവനക്കാരെ തെരഞ്ഞു പിടിച്ച് പീഡിപ്പിക്കുകയാണ്. 
സ്റ്റാഫ് ഓർഗനൈസേഷൻ പ്രവർത്തകനും സെക്ഷൻ ഓഫീസറുമായിരുന്ന പ്രഭാത് കുമാറിനെ സസ്‌പെൻഡു ചെയ്തു. അദ്ദേഹത്തിൽ ആരോപിക്കപ്പെട്ട കുറ്റം അദ്ദേഹത്തിന്റെ സീനിയറിനും ജൂനിയറിനും ബാധകമായിരുന്നുവെങ്കിലും അവർ ഇടതു സംഘടനാ പ്രവർത്തകരാണെന്ന ഒറ്റ കാരണത്താൽ ഒഴിവാക്കി. ഇതിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിനു 10 സ്റ്റാഫ് ഓർഗനൈസേഷൻ നേതാക്കൾക്കെതിരെ സിൻഡിക്കേറ്റ് അംഗം എ.നിഷാന്ത് ക്രിമിനൽ കേസ് ഫയൽ ചെയ്തു. ഈ രാഷ്ട്രീയ പകപോക്കലിനെതിരെ കഴിഞ്ഞ 40 ദിവസമായി അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തി വരികയാണ്. എന്നാൽ ചർച്ചക്കു വിളിക്കാനോ പ്രശ്‌ന പരിഹാരത്തിനോ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. 
പുതിയ സിൻഡിക്കേറ്റ് നിലവിൽ വന്ന ശേഷമാണ് പ്രതികാര നടപടികൾ മൂർധന്യത്തിലെത്തിയത്. ചരിത്രത്തിലാദ്യമായി സജീവ രാഷ്ട്രീയക്കാരായ നാല് പേരെയാണ് വിദ്യാഭ്യാസ വിദഗ്ധരെന്ന ലേബലിൽ അംഗങ്ങളാക്കിയത്. സി.പി.എം നേതാക്കളായ എം.പ്രകാശൻ, അഡ്വ.വി.പി.പി മുസ്തഫ, സി.പി.ഐ നേതാവ് അഡ്വ.സന്തോഷ് കുമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. സർവകലാശാലയുടെ നിലവാരം മെച്ചപ്പെടുത്താനുള്ള യാതൊരു നടപടിയും കൈക്കൊള്ളാൻ ഇതുവരെ തയ്യാറായില്ലെന്നു മാത്രമല്ല, 19 കോടി രൂപയുടെ വികസന ഫണ്ട് പാഴാക്കുകയും ചെയ്തു. നാക് എ ഗ്രേഡ് അംഗീകാരം ലഭിക്കാത്തിനെത്തുടർന്ന് വിദൂര വിദ്യാഭ്യാസ പദ്ധതി അവതാളത്തിലായി. സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിനു കൂടുതൽ ജീവനക്കാരെ നിയോഗിക്കാനും സാധിച്ചില്ല.  അധികൃതരുടെ പകപോക്കൽ നടപടിക്കെതിരെ സെറ്റോ സംഘടനകളുടെ നേതൃത്വത്തിൽ നാളെ സർവകലാശാല ആസ്ഥാനത്തേക്കു മാർച്ച് സംഘടിപ്പിക്കും. മാർച്ച് വി.ടി.ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു. വിവിധ സംഘടനാ നേതാക്കളായ കെ.മധു, കെ.സി.രാജൻ മാസ്റ്റർ, കെ.കെ.രാജേഷ് ഖന്ന, കെ.രമേശൻ, ജയൻ ചാലിൽ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 

Latest News