കോഴിക്കോട് - പുതിയ സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപനത്തിലൂടെ സംസ്ഥാന ബി.ജെ.പിയിൽ മുരളീധര പക്ഷത്തെ ഒതുക്കുകയായിരുന്നുവെന്ന് നിരീക്ഷണം. ദേശീയ തലത്തിൽ പിടിമുറക്കുന്ന വി. മുരളീധരൻ എം.പിയുടെ ചിറകരിയുക എന്ന ലക്ഷ്യത്തോടെ മറ്റ് ഗ്രൂപ്പുകളെല്ലാം ഒരുമിക്കുന്നത് പാർട്ടിയിിറപ പുതിയ ഗ്രൂപ്പ് ധ്രഴവീകരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ മുരളീധര വിഭാഗം ഒതുക്കപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കാര്യമായ മാറ്റങ്ങളില്ലാതെയാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ടുകളെങ്കിലും ആഘാതമേറ്റത് വി. മുരളീധരൻ ഗ്രൂപ്പുകാർക്ക് മാത്രമാണ്. ജനറൽ സെക്രട്ടറിമാരിൽ കെ. സുരേന്ദ്രൻ മാത്രമാണ് ഉറച്ച മുരളീധര ഗ്രൂപ്പുകാരനായുള്ളത്.
അതേ ഗ്രൂപ്പുകാരനായ പി. രഘുനാഥിനെ വക്താവ് സ്ഥാനത്തു നിന്ന് ഒഴിവാക്കിയെങ്കിലും പകരം സ്ഥാനം നൽകിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ട് നിന്ന് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് രഘുനാഥിനെ ഒതുക്കിയത്. പി.കെ. കൃഷ്ണദാസ് വിഭാഗവും ആർ.എസ്.എസ് നോമിനികളും സംസ്ഥാന പ്രസിഡന്റിന്റെ അടുപ്പക്കാരും ഒരുമിച്ച് ചേരുമ്പോൾ മറുഭാഗത്ത് മുരളീധരനെ അനുകൂലിക്കുന്നവർ പേരിന് മാത്രമാവും. സംസ്ഥാന ഘടകത്തിൽ അദ്ദേഹത്തിനുള്ള പിടി അഴിയാൻ ഇത് വഴിവെക്കുമെന്നാണ് എതിർഗ്രൂപ്പുകളുടെ വിലയിരുത്തൽ. എന്നാൽ കെ.പി. ശ്രീശനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുവാനുള്ള പിള്ളയുടെ ശ്രമങ്ങൾക്ക് പിന്തുണ കിട്ടിയിട്ടില്ല.
പി.എസ്. ശ്രീധരൻ പിള്ള അധ്യക്ഷനായി ചുമതലയേറ്റപ്പോൾ പകുതിയിലേറെ ഭാരവാഹികൾ മാറുമെന്ന പ്രചാരണുണ്ടായിരുന്നു. എന്നാൽ സമർത്ഥമായ നീക്കത്തിലൂടെ വി. മുരളീധര വിഭാഗക്കാരെ മാത്രമാണ് ഇളക്കിമാറ്റുന്നത്. യുവമോർച്ച ഉൾപ്പെടെ പോഷക സംഘടനകളിലും നേരത്തെ തന്നെ കൃഷ്ണദാസ് പക്ഷം ആധിപത്യം ഉറപ്പിച്ചിരുന്നു. ഇതിന് പുറമെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രന്റെ മത്സര സാധ്യതയും ആശങ്കിയിലായിട്ടുണ്ടെന്നറിയുന്നു. രണ്ടു തവണ തുടർച്ചയായി മത്സരിച്ച എല്ലാവരെയും മാറ്റി നിർത്തി പുതുമുഖങ്ങളെ പരീക്ഷിക്കുക എന്ന തന്ത്രമാണ് പുറത്തെടുക്കുന്നത്. ഇതിലൂടെ കാസർകോട് നിന്ന് വീണ്ടും മത്സരിക്കാനുള്ള കെ. സുരേന്ദ്രന്റെ നീക്കങ്ങൾക്ക് തടയിടാനാവും. സുരേന്ദ്രൻ മാറി നിന്ന് പ്രാദേശിക നേതാക്കൾ മത്സരിക്കട്ടെ എന്ന അഭിപ്രായം സംഘ്പരിവാർ സംഘടനകളിലും ഉണ്ട്. നേരത്തെ സുരേന്ദ്രനെ പ്രസിഡന്റാക്കാതിരിക്കാനുള്ള ചരടുവലികൾക്ക് പിന്നിലും ആർ.എസ്.എസ് നേതാക്കളായിരുന്നു. ആർ.എസ്.എസിന് വഴങ്ങാത്ത നേതാക്കളാരും നേതൃതലപ്പത്ത് വരേണ്ടെന്നത് സംഘടനയുടെ പൊതു തത്വം കൂടിയാണ്.
അതേസമയം തനിക്കെതിരായ പുതിയ നീക്കങ്ങളിൽ വി. മുരളീധരൻ അസംതൃപ്തനാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി എച്ച് രാജ, നളിൻകുമാർ കട്ടീൽ, സംസ്ഥാന സെക്രട്ടറി എച്ച് ഗണേശ്, സംഘടനാ ചുമതയുള്ള മുരളീധര റാവു എന്നിവരെ പ്രതിഷേധം അറിയിച്ചതായാണ് അറിയുന്നത്.