റിയാദ്- സൗദി ദേശീയ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും ആഭ്യന്തര വളര്‍ച്ചാ നിരക്ക് 1.9 ശതമാനം വരെ ഉയരുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) പുറത്തുവിട്ട റിപ്പോർട്ട് പറയുന്നതെന്നും സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സാമ) ഗവർണർ ഡോ. അഹ്മദ് അൽഖുലൈഫി പറഞ്ഞു.
സൗദിയിൽ ഡിജിറ്റൽ ബാങ്ക് തുറക്കുന്നത് സജീവ പരിഗണനയിലാണ്. രാജ്യത്ത് വൈകാതെ പ്രവർത്തനം തുടങ്ങാനിരിക്കുന്ന ചില ബാങ്കുകളുടെ ശാഖകൾക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഗൾഫ് മേഖലയിലെ പ്രശസ്തമായ മൂന്ന് ബാങ്കുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ചില ആഗോള ബാങ്കുകൾ നിലവിൽ പ്രവർത്തനാനുമതി തേടിയിട്ടുണ്ട്. എങ്കിലും ഇതുവരെ ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമയുടെ 54 ാം വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സാമ ഗവർണർ.
നടപ്പുവർഷത്തെ ആദ്യപാദത്തിൽ രാജ്യം 1.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചത് ശ്രദ്ധേയമാണ്. സൗദിയിൽ വിദേശ ഇൻഷുറൻസ് കമ്പനികളുടെ ബ്രാഞ്ചുകൾ വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിദേശ ഇൻഷുറൻസ് കമ്പനികൾക്ക് സൗദിയിൽ പ്രവർത്തിക്കുന്നതിനുള്ള വ്യവസ്ഥകൾ അടുത്തമാസം പ്രഖ്യാപിക്കുമെന്നും ഡോ. അഹ്മദ് അൽഖുലൈഫി വിശദമാക്കി.
സാമയുടെ ചില ആസ്തികൾ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിലേക്ക് മാറ്റുന്നത് ആലോചനയിലില്ല. ബാങ്ക് ലോണിന്മേൽ പലിശ നിരക്ക് നിയന്ത്രിക്കുന്നതിൽ സാമ ഇടപെടുന്നില്ലെന്ന് പറഞ്ഞ ഗവർണർ പക്ഷേ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് വായ്പ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കി.