Sorry, you need to enable JavaScript to visit this website.

പിണറായിയുടെ പ്രസംഗത്തിന്റെ ചരിത്രം

നമ്പി നാരായണനെ ചാരനായി മുദ്രകുത്തി മാധ്യമങ്ങൾ വേട്ടയാടിയ സമയത്ത് അദ്ദേഹത്തിന് അനുകൂലമായി നിലപാട് സ്വീകരിച്ചത് സംബന്ധിച്ച് കുഞ്ഞമ്മദ് വാണിമേലിന്റെ ലേഖനം വായിച്ചു. ചരിത്രത്തിലേക്കുള്ള പിൻനടത്തമായിരുന്നു അത്. രണ്ടു പതിറ്റാണ്ട് മുമ്പ് ഇത്തരം ഒരു നിലപാട് സ്വീകരിക്കാനുള്ള ധൈര്യം ലഭിക്കുക എന്നത് തന്നെ വലിയൊരു നിലപാടാണ്. ആ നിലപാട് ശരിയായിരുന്നുവെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്. 
കേരളത്തിലെ മുഴുവൻ രാഷ്ട്രീയപാർട്ടിക്കാരും മാധ്യമങ്ങളും നമ്പി നാരായണനെ കുറ്റക്കാരനാക്കിയ കൊടുംചതിയിൽ പങ്കുണ്ട്. ആർക്കും അതിൽനിന്ന് ഒഴിഞ്ഞുമാറാൻ പറ്റില്ല. കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് ഒരു വഴിക്ക് അതിന്റെ സകലവാശിയിലും അരങ്ങേറിയപ്പോഴാണ് കരുണാകരന് ആദ്യം ചുവടു പിഴച്ചത്. സി.പി.എമ്മിന്റെ നേതൃത്വത്തിലാണ് കരുണാകരനെ ചാരൻ എന്ന് വിശേഷിപ്പിച്ച് മുദ്രാവാക്യം വിളികളും പ്രകടനങ്ങളും സമരങ്ങളും അരങ്ങേറിയത്. കേരള കോൺഗ്രസിനും മുസ്‌ലിം ലീഗിനുമെല്ലാം ഇക്കാര്യത്തിൽ തുല്യപങ്കാളിത്തമുണ്ട്. 
മുസ്‌ലിം ലീഗും തുടക്കത്തിൽ കരുണാകരനൊപ്പം നിന്നെങ്കിലും പിന്നീട് അദ്ദേഹത്തിനെതിരെ തിരിഞ്ഞു. കരുണാകരൻ എന്നും ലീഗിന്റെ സന്തതസഹചാരിയായിരുന്നു. പക്ഷെ അവസാനം ലീഗ് കൂടി വിരുദ്ധ ചേരിയിലായതാണ് കരുണാകരന്റെ വീഴ്ച്ചക്ക് ആക്കംകൂട്ടിയത്. കരുണാകരനെ മരിക്കുന്നത് വരെ ആ സങ്കടം അലട്ടിയിട്ടുണ്ടാകും.
ഇപ്പോൾ നമ്പി നാരായണന് നീതികിട്ടി എന്ന് ആഘോഷം മുഴക്കുന്ന മാധ്യമങ്ങളാണ് അക്കാലത്ത് നമ്പി നാരായണനെ ചാരനെന്ന് വിളിച്ച് ആക്ഷേപിക്കുകയും അദ്ദേഹത്തിന് നേരെ കടുത്ത പരാമർശങ്ങൾ നടത്തിയത് എന്ന കാര്യവും ഓർക്കുക. നമ്പി നാരായണൻ എന്ന പ്രഗത്ഭനായ ശാസ്ത്രജ്ഞന്റെ സേവനം നമ്മുടെ രാജ്യത്തിന് ഇല്ലാതാക്കിയതിന് പിന്നിലെ പ്രധാന ശക്തികളിലൊന്ന് മാധ്യമങ്ങളാണ്. 
ചില മാധ്യമപ്രവർത്തകരുടെ കുറ്റസമ്മതങ്ങൾ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ടു. അതിലൊന്ന് മാധവൻ കുട്ടി എന്ന ഇടതുമാധ്യമ പ്രവർത്തകന്റെതാണ്. ഒഴുക്കിനൊപ്പിച്ച് നീങ്ങേണ്ടി വന്നുവെന്നാണ് അദ്ദേഹം എഴുതിയത്. അതിന് മാപ്പുചോദിക്കുന്നുവെന്നും അദ്ദേഹം എഴുതുന്നു. സത്യമേതാണ്, മിഥ്യയേതാണ് എന്ന് കൃത്യമായി അറിയാൻ പറ്റുന്ന ഒരു വിഷയത്തിലാണ് ഇത്രയും മോശം നിലപാട് മാധ്യമപ്രവർത്തകർ സ്വീകരിച്ചത്. ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്ന ഒന്നല്ല. ഇവരുടെ മാപ്പുപറച്ചിലിന് ഒരർത്ഥവുമില്ല. പൊതുജനവികാരം എതിരാകുമ്പോൾ അതിനെ തടയിടാൻ വേണ്ടിയാണ് ഇവർ അലറിവിളിക്കുന്നത്. 
കേരളത്തിലെ പോലീസിന്റെ അവസ്ഥയാണ് അതിലും ദയനീയം. ഒരു പോലീസുകാരന് ഒരു വിദേശസ്ത്രീയോട് തോന്നിയ ലൈംഗികവികാരമാണ് ഈ വിഷയം ഇത്രയും വഷളാകാൻ കാരണം. ഒരു നുണയിൽനിന്ന് ഒട്ടേറെ നുണകൾ കെട്ടിപ്പടുക്കപ്പെട്ടു. അവസാനം അത് ഇന്ത്യയുടെ ആത്മാഭിമാനത്തെതന്നെ മുറിവേൽപ്പിക്കുകയും ചെയ്തു. അവസാനം മാപ്പുപറയലുമായി എല്ലാവരും രംഗത്തെത്തിയിരിക്കുകയാണ്. ഈ മാപ്പ് ആത്മാർത്ഥമല്ല. കള്ളക്കരച്ചിലുകളെ ജനം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും. 

Latest News