റിയാദ്- സൗദി തൊഴിൽ വിപണിയിൽ സ്വദേശി വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ തന്ത്രപ്രധാന പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം. നിലവിൽ 10 ശതമാനം വനിതകളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്. വൈകാതെ ശൂറാ കൗൺസിൽ ചർച്ചക്ക് എടുക്കുന്ന തൊഴിൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വിശദമാക്കുന്നത്.
ജോലി ചെയ്യാൻ സാധിക്കുന്ന അംഗപരിമിതരുടെ തോത് വിപണിയിൽ 15 ശതമാനമാക്കി ഉയർത്തും. വേതന സുരക്ഷാ നിയമം 80 ശതമാനം സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും തൊഴിൽ മന്ത്രാലയ റിപ്പോർട്ട് സമർഥിക്കുന്നു. സോഷ്യൽ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹകരണത്തോടെ ഒരു ബില്യൺ റിയാലിന്റെ ഗാർഹികോത്പന്നങ്ങൾ വിപണിയിൽ എത്തിക്കും. മന്ത്രാലയത്തിൽനിന്നുള്ള സാമ്പത്തിക സഹായം ആവശ്യമില്ലാത്ത സാമൂഹിക സുരക്ഷാവരിക്കാരുടെ തോത് 12 ശതമാനമാക്കി ഉയർത്തുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പുരുഷവനിതാ വ്യത്യാസമില്ലാതെ, സൗദി ജീവനക്കാർക്ക് ബന്ധപ്പെട്ട മേഖലകൾ നേരിട്ടോ മന്ത്രാലയമോ ആവശ്യമായ പരിശീലനം തുടർന്നും നൽകണമെന്ന് ശൂറായിലെ സാമൂഹ്യ, കുടുംബ കാര്യ കമ്മിറ്റി നിർദേശിച്ചു.
സ്വകാര്യമേഖലയിൽ സൗദി ജീവനക്കാരുടെ കാര്യപ്രാപ്തിയിൽ വിശ്വാസ്യത വർധിപ്പിക്കാൻ ഇത്തരം പരിശീലനങ്ങൾ വഴിവെക്കും. മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡുകളിൽ അപൂർവം ചില സ്വദേശി ജീവനക്കാരുടെ നിലവാരം തൃപ്തികരമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇക്കാരണത്താൽ സ്വദേശി ജീവനക്കാർക്ക് വേണ്ടി നടപ്പിലാക്കേണ്ട പരിശീലന, ബോധവത്കരണ പരിപാടികൾ സംബന്ധിച്ച് പദ്ധതികൾ സമർപ്പിക്കണമെന്ന് ശൂറാ സമിതി നിർദേശിച്ചിട്ടുണ്ട്.
വർധിച്ചുവരുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ ഒരു എംപ്ലോയ്‌മെന്റ് ഏജൻസി സ്ഥാപിക്കുന്നത് ഗുണം ചെയ്യുമെന്നും സമിതി വിലയിരുത്തുന്നു.
രാജ്യത്തെ യൂനിവേഴ്‌സിറ്റികളിൽനിന്നും തൊഴിൽ പരിശീലന കേന്ദ്രങ്ങളിൽനിന്നും കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന വിദ്യാർഥികളുടെ എണ്ണവും തൊഴിൽ വിപണിയിലെ ആവശ്യകതയും തമ്മിലുള്ള അന്തരം കുറക്കുന്നതിനുള്ള പദ്ധതികളും മന്ത്രാലയ റിപ്പോർട്ടിൽ ഇടം നൽകണമെന്നും ശൂറായിലെ സോഷ്യൽ ആന്റ് ഫാമിലി കമ്മിറ്റി ആവശ്യപ്പെട്ടു.