Sorry, you need to enable JavaScript to visit this website.

ഉംറക്കുശേഷം സൗദി ടൂര്‍; ഒരു മാസത്തില്‍ കൂടുതലും രാജ്യത്ത് തങ്ങാം


റിയാദ് - ഈ സീസണിൽ വിദേശ രാജ്യങ്ങളിൽനിന്ന് ഉംറ കർമത്തിനെത്തുന്ന തീർഥാടകർക്ക് ഇരു ഹറമുകൾക്ക് പുറമേയുള്ള സൗദി അറേബ്യൻ നഗരങ്ങൾ സന്ദർശിക്കാൻ അവസരം. ഒരു മാസത്തിലധികം രാജ്യത്ത് താമസിക്കണമെങ്കിൽ അതിനും അനുമതി നൽകുമെന്ന് ഹജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മശാത്ത് അറിയിച്ചു. ഇതിനായി വിസ നീട്ടിനൽകും.


വിദേശ രാജ്യത്ത് നിന്ന് ഉംറ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് മുമ്പ് തന്നെ ടൂറിസം പാക്കേജിന് അനുമതി നേടിയാൽ മാത്രമേ നഗരങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദർശിക്കാൻ അവസരമുണ്ടാവുകയുള്ളൂ. 30 ദിവസത്തേക്കാണ് ഉംറ വിസ അനുവദിക്കുന്നത്. ഇതിൽ 15 ദിവസം ഇരു ഹറമുകളിൽ കഴിച്ചുകൂട്ടിയ ശേഷം അവർക്ക് 15 ദിവസം രാജ്യത്തെ നഗരങ്ങളും ചരിത്ര പ്രധാന സ്ഥലങ്ങളും സന്ദർശിക്കാവുന്നതാണ്. ഒരു മാസത്തിലധികം ഉംറ വിസയിൽ രാജ്യത്ത് താമസിക്കണമെങ്കിൽ അതു സംബന്ധിച്ച് സൗദിയിലെത്തുന്നതിന് മുമ്പ് തന്നെ ഉംറ കമ്പനികളിൽ അപേക്ഷ നൽകണം.

കമ്പനികൾ അത്തരം അപേക്ഷകൾ ഹജ് മന്ത്രാലയത്തിന് കൈമാറും. മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് അനുമതി നൽകും. ഉംറ വിസകൾക്ക് നിശ്ചിത ക്വാട്ടയില്ലെന്നും ലോക മുസ്‌ലിംകളെ ഉംറക്ക് സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
കഴിഞ്ഞയാഴ്ച ഉംറ സീസൺ ആരംഭിച്ചതു മുതൽ ഇതുവരെ ആയിരത്തോളം തീർഥാടകരാണ് രാജ്യത്ത് എത്തിയതെന്ന് ഹജ് മന്ത്രാലയ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസാൻ അറിയിച്ചു. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ജോർദാൻ, കുവൈത്ത് എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരാണ് ഇപ്പോൾ സൗദിയിലുള്ളത്. കഴിഞ്ഞ നാലു ദിവസത്തിനിടെ 25,000 ത്തോളം വിസകൾ ഇഷ്യൂ ചെയ്യുകയും ചെയ്തു. അടുത്ത ശവ്വാൽ അവസാനത്തിന് മുമ്പ് 85 ലക്ഷത്തോളം പേർ ഉംറക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കഴിഞ്ഞ വർഷം 70 ലക്ഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2030 ന്റെ ഭാഗമായി അടുത്ത ഏതാനും വർഷങ്ങളിൽ 30 മില്യൺ പേർ ഉംറക്കെത്തും. അതിനുള്ള സൗകര്യങ്ങളാണ് മന്ത്രാലയം ഒരുക്കുന്നത്. 

Latest News