തലശ്ശേരി- ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കിർമാണി മനോജിന് പിറകേ കേസിലെ മറ്റൊരു പ്രതിയായ കൊടി സുനിയും വിവാഹിതനാകുന്നു. അടുത്ത പരോൾ ലഭിച്ചാൽ വിവാഹ തിയതി തീരുമാനിക്കുമെന്നാണ് വിവരം. കാസർകോട് ജില്ലക്കാരിയായ ഡോക്ടറാണ് വധു.
മംഗലാപുരത്തെ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്ന യുവതിയാണ് വധുവെന്നും സൂചനയുണ്ട്. ഫെയ്‌സ്ബുക്ക് വഴിയാണ് ഇവർ തമ്മിലുള്ള പ്രണയം മൊട്ടിട്ടതെന്നും അറിയുന്നു. ഒരു വർഷത്തിലേറെയായി ഫെയ്‌സ് ബുക്ക് വഴി ബന്ധം തുടരുകയായിരുന്നു.
തലശ്ശേരിക്ക് സമീപം ചൊക്ലി നിടുമ്പ്രം ഷാരൂൺ വില്ലയിൽ സുനിൽകുമാർ എന്ന കൊടി സുനി ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാലാം പ്രതിയാണ്. കിർമാണി മനോജ് ടി.പി കേസിലെ രണ്ടാം പ്രതിയുമാണ്. കൊടി ഇപ്പോൾ തലശ്ശേരിയിലെ ബി.ജെ.പി നേതാവ് എം.പി സുമേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി മുമ്പാകെ നേരിടുകയാണ്.
മാഹിയിലെ ഇരട്ട കൊലപാതക കേസ് ഉൾപ്പെടെ നിരവധി വധശ്രമക്കേസിലും പ്രതിയാണ് സുനി. നാട്ടിലെ ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ജയിലിൽ സുനി മധ്യസ്ഥ ശ്രമം നടത്തിവരുന്നുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക പ്രശ്‌നങ്ങളിൽ കൊടി സുനിയുമായി പരോക്ഷമായി ബന്ധപ്പെടുന്നവർ ഏറെയാണ്. വിവാഹത്തിനായി ഉടൻ തന്നെ കൊടി സുനി അപേക്ഷ നൽകുമെന്നാണ് സൂചന. പരോൾ ലഭിച്ചാൽ ഉടൻ തന്നെ വിവാഹം നടത്താനാണ് നീക്കം.
ജയിലിൽ വി.ഐ.പിയാണ് സുനി. യഥേഷ്ടം ഫോൺ വിളിക്കാം, പ്രത്യേക ഭക്ഷണം, വാർഡന്മാരെ നിലക്ക് നിർത്താനുള്ള സ്വാതന്ത്ര്യം, എല്ലാമുണ്ട്. ജയിലിനു പുറത്തേതിനേക്കാൾ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഒരിക്കൽ ജയിലിനകത്തുനിന്ന് സുനി ഫോൺ വിളിക്കുന്നതു മൊബൈലിൽ പകർത്തിയ വാർഡനു സുനി ഇടപെട്ട് മെമ്മോ വാങ്ങിക്കൊടുത്തതും വാർത്തയായിരുന്നു.
ടി.പി കേസിലെ പ്രതി കിർമാണി മനോജ് അടുത്ത ദിവസമാണ് വിവാഹിതനായത്. ടി.പിയുടെ നാട്ടുകാരിയായിരുന്നു വധു. വിവാഹം വിവാദത്തിനും ഇട നൽകി. വിവാഹമോചിതയാകാത്ത വീട്ടമ്മയെയാണ് കിർമാണി മനോജ് മിന്നുകെട്ടിയത്. പ്രവാസിയായ ഷിനോജ് എന്നയാളുടെ ഭാര്യയെയാണ് മനോജ് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്. വിവാഹ ബന്ധം ഒഴിയാനും കുട്ടികളെ തന്റെ കൂടെ വിടണമെന്നും ആവശ്യപ്പെട്ട് ഷിനോജ് വടകര പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.