- ഉപകരാർ തടയും, വസ്തുക്കൾ പിടിച്ചെടുക്കും
കൊണ്ടോട്ടി- തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുക്കുന്ന കാരാറുകാർക്ക് സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾ. റോഡുകൾ,പാലം,കലുങ്ക്,സർക്കാർ കെട്ടിടങ്ങൾ തുടങ്ങിയ കരാർ ഏറ്റെടുത്ത് പിന്നീട് മറ്റൊരാൾക്ക് ഉപകരാർ നൽകുന്നത് കണ്ടെത്തിയാൽ ആദ്യകരാറുകാരന്റെ ലൈസൻസ് റദ്ദാക്കും. ഇതിന് പുറമെ ഇയാളുടെ ജാമ്യനിക്ഷേപ(പ്രവൃത്തിയുടെ ആകെ തുകയുടെ അഞ്ച് ശതമാനം)വും പ്രവൃത്തി സ്ഥലത്ത് എത്തിച്ച മുഴുവൻ അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുക്കും. തദ്ദേശ സ്ഥാപനങ്ങളിലെ പ്രവൃത്തികൾ സമയത്തിന് പൂർത്തീകരിക്കാത്തത് മൂലം തദ്ദേശ സ്ഥാപനങ്ങൾക്ക് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാകുന്നത് കണ്ടെത്തിയതോടെയാണ് സർക്കാർ നിയന്ത്രണങ്ങൾ കർക്കശമാക്കിയത്.
സാമ്പത്തിക വർഷത്തിൽ പ്രവൃത്തികളുടെ കരാർ ഏറ്റെടുത്ത് 10 ദിവസത്തിനുളളിൽ തന്നെ സ്ഥലം കണ്ടെത്തി പ്രവൃത്തി ആരംഭിച്ചിരിക്കണം. വീഴ്ച വരുത്തിയാൽ മറ്റൊരു കരാറുകാരന് പ്രവൃത്തി റീ-ടെൻഡർ നൽകും. പഴയ കരാറുകാരന് ജാമ്യനിക്ഷേപം നഷ്ടപ്പെടുകയും ചെയ്യും.കരാർ പ്രവൃത്തികൾ സാമ്പത്തിക വർഷത്തിൽ തന്നെ പൂർത്തീകരിക്കണം.എന്നാൽ പ്രവൃത്തികൾ മുൻകൂട്ടികാണാൻ കഴിയാതെ പൂർത്തീകരിക്കാനായില്ലെങ്കിൽ 6 മാസത്തിൽ കുറഞ്ഞ കാലാവധി മാത്രമാണ് പിന്നീട് അനുവദിക്കുക.ഇതിലും വീഴ്ചവരുത്തയാൽ പിന്നീട് അനുവദിക്കുന്ന ഓരോ മൂന്ന് മാസത്തെ അധിക സമയത്തിനും 50,000 രൂപയിൽ കുറയാത്ത തുക പിഴനൽകേണ്ടിവരും.മാസങ്ങൾ കൂടുന്നതിനനുസരിച്ച് പിഴതുക വർധിക്കും.അധിക ദിവസങ്ങളിൽ ജോലിചെയ്താലും കരാറുകാരന് കരാറിൽ നിശ്ചയിച്ച തുകമാത്രമെ അനുവദിക്കുകയുളളൂ.
നിർമ്മാണ പ്രവൃത്തികൾക്ക് ശേഷം ഗ്യാരണ്ടി സമയത്തിനുളളിൽ വരുന്ന തകർച്ച കരാറുകാരന്റെ ഉത്തരവാദിത്തത്തിൽ പരിഹരിക്കണം.വീഴ്ചവരുത്തിയാൽ മറ്റൊരു കരാറുകാരനെ കൊണ്ട് പരിഹരിച്ച് ഇതിനുളള ചിലവ് ആദ്യകരാറുകാരന്റെ നിക്ഷേപതുകയിൽ നിന്ന് ഈടാക്കും.പ്രവൃത്തികളുടെ കരാർ സമയത്തിന് പൂർത്തീകരിച്ചില്ലെങ്കിൽ 14 ദിവസത്തിനകം നോട്ടീസ് നൽകി കരാർ റദ്ദാക്കും.ഇതിൽ തദ്ദേശ സ്ഥാപനങ്ങൾക്കുളള നഷ്ടം കരാറുകാരന്റെ സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്നോ, ജാമ്യനിക്ഷേപത്തിൽ നിന്നോ ഈടാക്കും.പിന്നീട് ഈ കരാറുകാരന് അഞ്ച് വർഷത്തേക്ക് കരാർ നൽകുന്നതുമല്ല.ഗുണമേന്മയില്ലാത്ത അസംസ്‌കൃത വസ്തുക്കൾ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നതും തടയും.പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ശേഷമുളള പരിശോധനയിൽ കണ്ടെത്തുന്ന അപാകതകൾ കരാറുകാരന്റെ ഉത്തരവാദിത്തത്തിലായിരിക്കും പുനർനിർമ്മിക്കേണ്ടത്.പ്രവൃത്തികൾ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പൂർത്തീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.