മാനന്തവാടി - പിലാക്കാവ് പഞ്ചാരക്കൊല്ലിയിൽ ഓഗസ്റ്റ് 16നുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ ഒഴികെ സർവതും നശിച്ച കുടുംബങ്ങൾ വ്യഥയുണ്ട് കഴിയുന്നു. ഉരുൾപൊട്ടൽ ഉണ്ടായി ഒരു മാസം കഴിഞ്ഞിട്ടും പഞ്ചാരക്കൊല്ലിയിലെ കുടുംബങ്ങൾക്കു ജീവിതതാളം വീണ്ടെടുക്കാനായില്ല. വീട് പൂർണമായും തകർന്ന ഏഴു കുടുംബങ്ങൾ ഇപ്പോൾ കഴിയുന്നത് വാടകവീട്ടിൽ. പുനരധിവാസത്തിലെ അവ്യക്തതയും അനിശ്ചിതത്വവും ഈ കുടുംബങ്ങളുടെ ആകുലത വർധിപ്പിക്കുകയാണ്.
ഉരുൾപൊട്ടലിൽ താഴെമുറ്റം അമ്മിണി, വാഴപ്പള്ളി കുന്നേൽ ചന്ദ്രൻ ,സോമനാഥൻ, മുച്ചിക്കൽ സദാനന്ദൻ, മണ്ണാറകൊല്ലി സുരേഷ്, കമ്പക്കുട്ടിൽ പ്രഭാകരൻ, മുണ്ടുർ ചന്ദ്രൻ എന്നിവരുടെ വീടുകളാണ് കഥാവശേഷമായത്. ഇവരുടെ സമ്പാദ്യമെല്ലാം ദുരന്തം കവർന്നു. ഓമനിച്ചുവളർത്തിയ മൃഗങ്ങൾ മണ്ണിനടിയിലായി. ഓഗസ്റ്റ് 15ന് പാലാക്കാവ് മണിയൻകുന്നിൽ ശക്തമായ മണ്ണിടിച്ചിൽ ഉണ്ടായതിനെത്തുർന്നു ദുരിതാശ്വാസ ക്യാമ്പിലേക്കു മാറിയതിനാൽ ഉരുൾ പൊട്ടിയപ്പോൾ ആളപായം മാത്രം ഒഴിവായി.
വഴികൾ പൂർണമായും തകർന്നതിനാൽ പഞ്ചാരക്കൊല്ലിയിലെ ദുരിതബാധിത കുടുംബങ്ങൾക്കു തങ്ങൾ താമസിച്ചിരുന്ന സ്ഥലങ്ങളിലേക്കു എത്താൻപോലും കഴിയുന്നില്ല. പ്രകൃതിദുരന്തത്തിൽ നശിച്ചതിനു തുല്യ അളവിൽ പകരം ഭൂമി ലഭിക്കില്ലെന്ന അറിവും കുടുംബങ്ങളുടെ പ്രതീക്ഷ കെടുത്തുകയാണ്.