കൊച്ചി- ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന സ്റ്റീഫൻ മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. തുടർച്ചയായ എട്ടാം ദിവസവും നിരാഹാരസമരം തുടരുന്ന സ്റ്റീഫൻ മാത്യുവിന്റെ ആരോഗ്യം മോശമായതിനെതുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ പോലീസ് സമരപ്പന്തലിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. അതേസമയം, കന്യാസ്ത്രീകൾ ഹൈക്കോടതി ജംങ്ഷനിൽ സമരം തുടരുകയാണ്. കന്യാസ്ത്രീകൾക്ക് പിന്തുണയുമായി സ്ത്രീകളടക്കം വൻ ജനക്കൂട്ടമാണ് ഇന്ന് സമരപ്പന്തലിലേക്ക് പ്രവഹിക്കുന്നത്. അതിനിടെ സമരത്തിന് പിന്തുണയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരും രംഗത്തെത്തി. സമരത്തിന്റെ എട്ടാം ദിവസമായ ഇന്നലെ സീറോ മലബാർ സഭാ മുൻവക്താവ് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിൽ അതിരൂപതയിലെ എട്ട് വൈദികരാമ് സമരപന്തലിലെത്തി കന്യാസ്ത്രിമാർക്ക് പിന്തുണ പ്രഖ്യാപിച്ചത്. ഇവർക്ക് പുറമേ മാർത്തോമ സഭയിലെ വൈദികരും പിന്തുണയുമായി സമരം നടക്കുന്ന ഹൈക്കോടതി ജംഗ്ഷനിലെ സമരപന്തലിലെത്തി. ഇന്നലെ വൈകന്നേരം മൂന്ന് മണിയോടെയാണ് ഫാ. പോൾ തേലക്കാട്ടിന്റെ നേതൃത്വത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരായ ഫാ. ടോണി കല്ലൂക്കാരൻ, ഫാ. രാജൻ പുന്നയ്ക്കൽ, ഫാ. ചെറിയാൻ വറുഗീസ് ഫാ. ജോസഫ് പാറേക്കാട്ടിൽ, ഫാ. ജോയിസി കൈതക്കൂട്ടിൽ,ഫാ. ജിമ്മി കക്കാട്ടുച്ചിറ, ഫാ. ബെന്നി മാരപ്പറമ്പിൽ, ഫാ. കുര്യൻ കുരിശിങ്കൽ, ഫാ. പോൾ ചിറ്റിലപ്പിള്ളി എന്നിങ്ങനെ എട്ട് വൈദികർ സമരപന്തലിലേക്ക് എത്തിയത്. ഇവരെകൂടാതെ സമരത്തിന് പിന്തുണയുമായി സിസ്റ്റർ എമിൽഡയും സിസ്റ്റർ ടീന ജോസും വേദിയിലെത്തിയുന്നു. കന്യാസ്ത്രികൾ നടത്തുന്ന സമരത്തിനെ തള്ളിക്കളഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ(കെസിബിസി) സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്ന് എത്ര വൈദികർ പങ്കെടുക്കുമെന്ന ആശങ്ക സമരസമിതിക്കുണ്ടായിരുന്നുവെങ്കിലും ഫാ. പോൾ തേലക്കാട്ട് ഉൾപ്പെടെ എട്ട് പേർ പിന്തുണയുമായെത്തിയത് സമത്തിന്റെ വിജയമായാണ് സമര സമിതി കാണുന്നത്. സമരത്തിന്റെ ആദ്യം ദിവസവും വേദിയിലെത്തി ഫാ. പോൾ തേലക്കാട്ട് പിന്തുണ അറിയിച്ചിരുന്നു. കന്യാസ്ത്രികൾ നടത്തുന്ന സമരം സഭയ്ക്കെതിരെയുള്ളതല്ലെന്നും നീതിക്ക് വേണ്ടിയുള്ളതാണെന്നുമായിരുന്നു വേദിയിൽ സംസാരിച്ച വൈദികരുടെ നിലപാട്. കന്യാസ്ത്രികൾ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം മനസിലാക്കുന്നുവെന്ന് ഫാ. ജിമ്മി കക്കാട്ടുച്ചിറ പറഞ്ഞു. കന്യാസ്ത്രികൾക്ക് നീതി നൽകാതിരിക്കുന്നത് സഭ മുൻകാലത്ത് ചെയ്ത നല്ലകാര്യങ്ങൾ വിസ്മരിക്കുന്നതിന് ഇടയാക്കുമെന്ന് ഫാ. ബെന്നി മാറപ്പറമ്പിൽ പറഞ്ഞു. കാലാകലങ്ങളായി സഭ മുറുകേ പിടിച്ചിരിക്കുന്ന ധാർമിക മൂല്യങ്ങൾ നഷ്ടമായെന്നും ഫാ. ബെന്നി പറഞ്ഞു. നീതി നിഷേധിക്കപ്പെട്ടവർക്ക് പിന്തുണ നൽകുകയെന്നത് എവരുടെയും കർത്തവ്യമായിരുന്നുവെന്നായിരുന്നു ഫാ. ജോയിസ് കൈതക്കൂട്ടിലിന്റെ പ്രതികരണം. മാർത്തോമ സഭയെ പ്രതിനിധികരിച്ച് ഫാ. വൈറ്റി വിനയരാജിന്റെ നേതൃത്വത്തിൽ ഫാ. സജി തോമസ്, ഫാ. റെനി വർഗീസ്, ജെറിൻ പാലത്തിങ്കൽ എന്നിവരും സമരത്തിന് പിന്തുണയുമായെത്തിയിരുന്നു. ഹൈക്കോടതി ജംഗാഷനിൽ നടന്ന നിൽപു സമരത്തിലും പങ്കെടുത്താണ് വൈദികർ സമരവേദിയിൽ നിന്ന് മടങ്ങിയത്.
.