ദുബയ്- ദുബയില്‍ റോഡരികിലൂടെ നടന്നു പോകുന്ന അപരിചിതരായ വിവിധ നാട്ടുകാര്‍ക്ക് ആയിരം ദിര്‍ഹം വീതം വെറുതെ വിതരണം ചെയ്യുന്ന രണ്ട് അറബ് യുവാക്കളുടെ വിഡിയോ വൈറലായതിനു തൊട്ടു പിറകെ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കളുടെ സമീപത്തു കൂടി കടന്നു പോയവര്‍ക്കെല്ലാം ഇവര്‍ പണം വിതരണം ചെയ്യുന്നത് കാണാം. വിദേശികളാണ് വാങ്ങുന്നവരില്‍ ഭൂരിഭാഗവും. പലര്‍ക്കും ഇവര്‍ പണം അങ്ങോട്ടു വച്ചു നീട്ടുകയായിരുന്നു. വാങ്ങുന്നവരുടെ മുഖത്തെ അമ്പരപ്പും വിഡിയോയില്‍ കാണാം. ചിലര്‍ ഇതു കണ്ട് വാഹനം നിര്‍ത്തി പണം വാങ്ങിപ്പോകുന്നുമുണ്ട്. ടാക്‌സി ഡ്രൈവര്‍മാരും ക്ലീനിങ് ജോലിക്കാരും സൈക്കിളിലും ബൈക്കിലും കടന്നു പോകുന്നവരുമടക്കം പലരും ഇതു വാങ്ങുന്നു. ചിലര്‍ അമ്പരന്ന് ഇതു ഏതു വകയിലാണെന്ന് ചോദിക്കുന്നുണ്ട്. ശൈഖ് മുഹമ്മദ് അല്‍ ഖാസിമിയുടെ സമ്മാനമെന്നാണ് യുവാക്കളുടെ മറുപടി. സമൂഹ മാധ്യമങ്ങളില്‍ വിഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ചു വരികയാണെന്നും ദുബയ് പോലീസ് പറഞ്ഞു. ജുമൈറ ബീച്ചിനു സമീപത്താണ് ഇതെന്ന് സംശയിക്കപ്പെടുന്നു. ചിത്രീകരിച്ചത് എന്നാണെന്ന് വ്യക്തമല്ല.