റിയാദ്- റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയി മടങ്ങിവരാത്ത ഫാമിലി വിസയിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരാൻ നിശ്ചിത കാലാവധിയില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. റീ എൻട്രി വിസയിൽ നാട്ടിൽ പോയി മടങ്ങിവരാത്ത തൊഴിൽ വിസയിലുള്ളവർക്ക് സൗദിയിലേക്ക് മടങ്ങിവരാൻ നിശ്ചിതവർഷം സമയപരിധിയുണ്ട്. അതേസമയം, ഫാമിലി വിസയുള്ളവർ നാട്ടിലേക്ക് പോയി മടങ്ങിവന്നില്ലെങ്കിൽ അവരുടെ നിലവിലുള്ള വിസ കാൻസലാകുമെന്നല്ലാതെ, പുതിയ വിസയിൽ(ഫാമിലി/വിസിറ്റ്) സൗദിയിലേക്ക് മടങ്ങിവരാൻ നിശ്ചിത സമയപരിധിയില്ലെന്നാണ് ജവാസാത്ത് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് നിരവധി പേർ സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജവാസാത്ത്.
റീ-എൻട്രി വിസയിൽ സൗദി അറേബ്യ വിട്ട വിദേശികൾ വിസാ കാലാവധിക്കുള്ളിൽ രാജ്യത്ത് തിരിച്ചെത്തിയിട്ടില്ലെങ്കിൽ അക്കാര്യം ജവാസാത്തിനെ നേരിട്ട് സമീപിച്ച് റിപ്പോർട്ട് ചെയ്യേണ്ടതില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. റീ-എൻട്രി വിസാ കാലാവധി അവസാനിച്ച് രണ്ടു മാസത്തിനു ശേഷം ഓട്ടോമാറ്റിക് ആയി വിദേശികളെ ജവാസാത്ത് കംപ്യൂട്ടർ സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യും. റീ എൻട്രി വിസയുടെ കാലാവധി കഴിഞ്ഞ ഉടൻ ജവാസാത്തിലെത്തി തിരിച്ചുവരാത്തവരുടെ ഇഖാമ അവിടെ ഏൽപ്പിച്ച് വിസ സിസ്റ്റത്തിൽനിന്ന് നീക്കം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇക്കാര്യമാണ് ആവശ്യമില്ലെന്ന് ജവാസാത്ത് അധികൃതർ വ്യക്തമാക്കിയത്.