തൃശൂർ- സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ബാ അലവി അൽഖാസിമി (72) എസ്.എം.കെ തങ്ങൾ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് എറണാകുളം ലേക്ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെ പത്തു മണിയോടെയായിരുന്നു മരണം. ജില്ലയിൽ സമസ്തയെയും പോഷക ഘടകങ്ങളെയും കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച പണ്ഡിതനാണ്.
1946ൽ പ്രമുഖ സൂഫീ പണ്ഡിതൻ അങ്ങാടിപ്പുറം മുത്തുക്കോയ തങ്ങളുടെയും സൈനബ ബീവിയുടെയും മകനായി തൃശൂർ താണിശ്ശേരിയിലായിരുന്നു ജനനം. എം.ഐ.സി കൈപ്പമംഗലം പ്രസിഡന്റ്, ചാമക്കാല നഹ്ജുർറശാദ് ഇസ്ലാമിക് കോളേജ് പ്രസിഡന്റ്, തൊഴിയൂർ ദാറുറഹ്മ ആക്ടിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയായിരുന്നു.
സൂഫീ വര്യനായ പിതാവിൽ നിന്ന് ലഭിച്ച ദീനീ അധ്യാപനങ്ങൾക്കു ശേഷം മഹാരാഷ്ട്രയിലും ദാറുൽ ഉലൂം ദയൂബന്ദിലും ഉന്നത പഠനം നടത്തിയ തങ്ങൾ പഠന കാലത്തേ ബോംബെയിൽ ഖത്തീബായി സേവനമനുഷ്ഠിച്ചു. പിന്നീട് തളിപ്പറമ്പ്, ചളിങ്ങാട്, താണിശ്ശേരി എന്നീ മഹല്ലുകളിൽ ഖത്തീബായും നാട്ടിലും വിദേശത്തുമായി ഒട്ടേറെ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു. ഉച്ചയോടെ വസതിയിലെത്തിച്ച മയ്യിത്ത് ചാമക്കാല നഹ്ജുർറശാദ് കോളേജ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു. അഞ്ചു മണിയോടെ ആയിരങ്ങളുടെ സാന്നിധ്യത്തിൽ ചാമക്കാല ജുമാ മസ്ജിദ്ഖബർസ്ഥാനിൽ ഖബറടക്കി. സമസ്ത സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാർ തുടങ്ങി നിരവധി പണ്ഡിതന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖരും വസതിയിലെത്തിയിരുന്നു.
ഭാര്യ: ഉമൈബാ ബീവി. മക്കൾ: ഹഫ്സ ബീവി, സൽമ ബീവി, അസ്മ ബീവി, സയ്യിദ് ഫൈസൽ തങ്ങൾ. മരുമക്കൾ: സയ്യിദ് ശുക്കൂർ റഹ്മാൻ തങ്ങൾ വാടാനപ്പിള്ളി, സയ്യിദ് അശ്റഫ് തങ്ങൾ ഞാങ്ങാട്ടിരി, സയ്യിദ് സൈഫുദ്ദീൻ തങ്ങൾ ഫൈസി മൂവാറ്റുപുഴ.