Sorry, you need to enable JavaScript to visit this website.

ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പു സംഘത്തിലെ  മൂന്നു മലയാളി യുവാക്കൾ പിടിയിൽ 

പെരിന്തൽമണ്ണ- ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പു സംഘത്തിലെ മൂന്നു മലയാളി യുവാക്കളെ പെരിന്തൽമണ്ണ പോലീസ് പിടികൂടി. ഉത്തരേന്ത്യൻ തട്ടിപ്പു സംഘത്തിന്റെ കേരളത്തിലെ കണ്ണികളിൽപെട്ട പെരിന്തൽമണ്ണ സ്വദേശികളായ പട്ടാണി സക്കീർ ഹുസൈൻ (30), അത്തിക്കാട്ടിൽ മുഹമ്മദ് തസ്‌ലീം (28), മണ്ണാർമല സ്വദേശി അയിലക്കര അബ്ദുൽ ബാരിസ് (27) എന്നിവരെയാണ് എ.ടി.എം കാർഡുകളും പണവും പാസ് ബുക്കുകളുമായി വാഹനം സഹിതം പെരിന്തൽമണ്ണ ബൈപാസിൽ വെച്ച് ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രനും സംഘവും പിടികൂടിയത്. 60 പ്രമുഖ ബാങ്കുകളുടെ എ.ടി.എം കാർഡുകളും മൂന്നു ലക്ഷത്തിലധികം ഇന്ത്യൻ കറൻസികളും ഇവരിൽ നിന്നു പിടികൂടി. മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറിന് ഓൺലൈൻ തട്ടിപ്പിലെ മലയാളികളുൾപ്പെടുന്ന സംഘത്തെക്കുറിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്നു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിൽ സി.ഐ ടി.എസ്.ബിനുവും ടൗൺ ഷാഡോ പോലീസ് സംഘവും ചേർന്നു പ്രതികളെ പിടൂകൂടിയത്. പ്രധാന ടൗണുകളിലെ എ.ടി.എം കൗണ്ടറുകളുടെ സമീപത്തും പരിസരങ്ങളിലും പോലീസ് മഫ്തിയിൽ നിരീക്ഷണം നടത്തിയതിനെ തുടർന്നു പ്രതികളുടെ വാഹന രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു നടത്തിയ പരിശോധനയിലാണ് മൂവർ സംഘം വലയിലായത്. 
ഓൺലൈൻ വഴി ബാങ്കുകളുടെ ഇടപാടുകാരുടെ വിവരങ്ങൾ ശേഖരിച്ചു അവരെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടു പ്രമുഖ കമ്പനികളുടെ ലക്ഷക്കണക്കിനു രൂപ സമ്മാനമുള്ള ഓൺലൈൻ ലക്കി ബംബർ ലോട്ടറിയടിച്ചിട്ടുണ്ടെന്നും അതിന്റെ ജി.എസ്.ടി-ടാക്‌സ് ആയി 25,000 മുതൽ 50,000 രൂപ വരെ അടക്കാനാവശ്യപ്പെടുകയാണ് സംഘം ചെയ്യുന്നത്. തുടർന്ന് അതിന്റെ രേഖകൾ വ്യാജമായി നിർമിച്ചു ഫോട്ടോയടക്കം ആളുകൾക്ക് അയച്ചു കൊടുക്കുന്നു. കേരളത്തിലെ ഏജന്റുമാർ മുഖേന കേരളത്തിലങ്ങോളം വിവിധ ഭാഗങ്ങളിലെ പ്രമുഖ ബാങ്കുകളിലായി തുടങ്ങിയ എ.ടി.എം കാർഡ് തങ്ങളുടെ കൈവശമുള്ള അക്കൗണ്ടുകളുടെ നമ്പറുകൾ പ്രതികൾ നേരത്തേ കൊടുത്തതിനനുസരിച്ച് ഇടപാടുകാർക്ക് അയച്ചു കൊടുക്കുന്നു. അക്കൗണ്ടിൽ പണം നിക്ഷേപിച്ചയുടനെ വിവിധയിടങ്ങളിൽ എ.ടി.എം കൗണ്ടറിനടുത്തു നിലയുറപ്പിച്ചിരിക്കുന്ന സംഘത്തിലുള്ളവരെ  വിവരമറിയിക്കുകയും ഉടൻ അതത് എ.ടി.എം കാർഡുകളുപയോഗിച്ച് എ.ടി.എം കൗണ്ടറുകളിൽ നിന്നായി  പണമായിത്തന്നെ പിൻവലിക്കുകയും ചെയ്യുന്നു. ഈ പണം വൈകുന്നേരം ബാങ്ക് സമയം കഴിഞ്ഞാൽ വെസ്റ്റ് ബംഗാൾ, ജാർഖണ്ഡ്, കൊൽക്കത്ത തുടങ്ങി ഉത്തരേന്ത്യയിലെ 'ഭായി' എന്നു വിളിക്കുന്നവർ ഇന്റർനെറ്റ് കാൾ, വാട്‌സ് ആപ്പ് കാൾ വഴി പറയുന്ന സ്ഥലത്ത് വെച്ച് ഏജന്റുമാർക്കു കൈമാറുന്നു. ഒരു വിഹിതം ഇവർക്കും ലഭിക്കുന്നു. പെരിന്തൽമണ്ണയിലെ മൂന്നംഗ സംഘത്തെ പിടികൂടിയതോടെ ഓൺലൈൻ തട്ടിപ്പിന്റെ പുതിയ രീതികൾ വെളിച്ചത്തു കൊണ്ടുവരാൻ സാധിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ഇതുവരെ ഓൺലൈൻ തട്ടിപ്പു വഴി ലഭിക്കുന്ന പണം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തന്നെയുള്ള ഏതെങ്കിലും വ്യാജ അക്കൗണ്ടുകൾ വഴി ഓൺലൈൻ പർച്ചേസിനാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അതു മാറി പണമായിത്തന്നെ കൈക്കലാക്കാനുള്ള വഴിയും ഉത്തരേന്ത്യൻ തട്ടിപ്പു ലോബികൾ കണ്ടെത്തിയിരിക്കുന്നുവെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ഇത്തരത്തിൽ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആളുകളെ വെച്ച്  ബാങ്കുകളിൽ അക്കൗണ്ട് തുടങ്ങി എ.ടി.എം കാർഡും പാസ് ബുക്കും കൈക്കലാക്കി തട്ടിപ്പു സംഘത്തിനു കൈമാറുന്ന  സംഘങ്ങൾ പ്രവർത്തിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിൽപ്പെട്ട കേരളത്തിലെ മറ്റു ജില്ലകളിലുള്ളവരെക്കുറിച്ചും വിവരം ലഭിച്ചതായും പ്രതികളിൽ നിന്നു പിടികൂടിയ എ.ടി.എം കാർഡുകളുപയോഗിച്ചു നടത്തിയ മുഴുവൻ ഇടപാടുകളും പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണ സംഘത്തലവൻ കൂടിയായ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രൻ അറിയിച്ചു. പെരിന്തൽമണ്ണ എസ്.ഐ മഞ്ജിത്ത് ലാൽ, ടൗൺ ഷാഡോ പോലീസ് സംഘത്തിലെ എ.എസ്.ഐ ഇ.ജെ.മുരളീധരൻ, എൻ.ടി.കൃഷ്ണകുമാർ, എം.മനോജ്കുമാർ, പി.അനീഷ്, ദിനേഷ്, ജയമണി, ഷാജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


 

Latest News