തിരുവനന്തപുരം- കേരളത്തിലുണ്ടായ മഹാപ്രളയത്തിന് കാരണം ഡാമുകൾ തുറന്നതാണെന്ന വാദം അർധ സത്യമാണെന്ന് മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ഡി.ബാബുപോൾ. തിരുവനന്തപുരം പ്രസ്‌ക്ലബിൽ 'പ്രളയാനന്തര കേരളം മീറ്റ് ദ പ്രസ് പരിപാടിയിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടുകൾ ഉണ്ടാകുന്നതു കൊണ്ട് പ്രളയം ഉണ്ടാകണമെന്നില്ല. ഡാമുകളുടെ ഒരു ധർമം വെള്ളപ്പൊക്ക നിയന്ത്രണം കൂടിയാണെന്നത് വിസ്മരിക്കരുത്. പ്രളയമുണ്ടായപ്പോൾ വേണ്ട വിധം ജനങ്ങൾക്കു മുന്നറിയിപ്പു നൽകിയില്ലെന്ന പരാതികൾ ഉയരുന്നുണ്ട്. നിലവിലെ റെഡ് അലർട്ടിന് ഒരു പരിധിയുണ്ട് എന്നതാണ് ഇതിനു കാരണം. ഒരു പ്രത്യേക ജലനിരപ്പിലെത്തുമ്പോൾ റെഡ് അലർട്ട് നൽകുന്നു. അതിനു ശേഷവും വെള്ളം ഉയർന്നാൽ പിന്നീട് ഒരു സൂപ്പർ റെഡ് അലർട്ട് നൽകാൻ നിലവിൽ നിയമപരമായി വ്യവസ്ഥയില്ല. നിലവിലെ പ്രളയത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് ഇതിന് പരിഹാരം കണ്ടെത്താൻ നമുക്കു കഴിയണം. ഫുൾ റിസർവോയർ ലെവലിന് ഒരു മീറ്റർ താഴെ മാത്രമേ വെള്ളം നിർത്താൻ പാടുള്ളൂ എന്നൊരു തീരുമാനം എടുത്താലും ആഘാതം കുറക്കാം. ഇക്കാര്യത്തിൽ സാങ്കേതിക വിദഗ്ധർക്ക് തീരുമാനമെടുക്കാം. അടുത്ത മഴ കുറഞ്ഞാൽ വൈദ്യുതി ഉത്പാദനം കുറഞ്ഞേക്കാമെങ്കിലും വിലപ്പെട്ട മനുഷ്യ ജീവനുകൾ സംരക്ഷിക്കാൻ അതിലൂടെ കഴിയും. വെള്ളം കയറിയിറങ്ങി പോകുന്ന ഫഌഡ് പോയിന്റ് കൃത്യമായി മാപ്പു ചെയ്യണം. എത്ര എതിർപ്പുകൾ ഉയർന്നാലും ഇവിടങ്ങളിൽ യാതൊരു നിർമാണ പ്രവർത്തനങ്ങളും അനുവദിക്കരുത്. നദികളോടനുബന്ധിച്ചുള്ള ജലശുദ്ധീകരണ പ്ലാന്റുകൾ ചെലവു കൂടിയാലും ഫഌഡ് പോയിന്റിന് ദൂരെ മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാഡ്ഗിൽ റിപ്പോർട്ടിന് എതിരായി പറഞ്ഞവർ ഗാഡ്ഗിൽ റിപ്പോർട്ട് വായിക്കാത്തവരാണ്. കാടുണ്ടെങ്കിൽ മഴവെള്ളം ഭൂമിയിലെത്താൻ കൂടുതൽ സമയം എടുക്കും. അത് കുത്തൊഴുക്കിന്റെ ശക്തി കുറക്കും. കനത്ത മഴയുടെ അനന്തര ഫലങ്ങൾ കുറക്കുന്നതിനാണ് മരങ്ങളും മലകളും മലഞ്ചെരിവുകളും സംരക്ഷിക്കണമെന്നു പറയുന്നത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഹൈറേഞ്ചിൽ ഇടുക്കി ജില്ലയിൽ മുഴുവൻ സ്ലോപ് സ്റ്റബിലിറ്റി സ്റ്റഡി നടത്തണം. അതിന്റെ അടിസ്ഥാനത്തിലുള്ള നിർമാണങ്ങളേ അനുവദിക്കാവൂ. തമിഴ്‌നാട്ടിൽ നിന്ന് തുരങ്കമടിച്ചു നടത്തുന്ന കണികാ പരീക്ഷണം പശ്ചിമഘട്ട മേഖലയെ ദുർബലമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥ സൃഷ്ടിക്കുന്ന അഭയാർഥികളുടെ കാര്യത്തിൽ പ്രത്യേക ആസൂത്രണം വേണം. ആരും അത് ഇതുവരെ ചെയ്തിട്ടില്ല. ഈ വെള്ളപ്പൊക്കം അതിനെ കുറിച്ച് ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം. പ്രളയ മേഖലയിലെ മനുഷ്യരുടെ മാനസിക പുനരുജ്ജീവനത്തിന് പ്രളയാനന്തര നിർമാണ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രാധാന്യം നൽകണമെന്നും കുട്ടനാട്ടിലെയടക്കം കാർഷിക സമ്പ്രദായങ്ങളിൽ മാറ്റം വരുത്തുന്നതിനെ കുറിച്ചു പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.