ജിദ്ദ- ദശലക്ഷക്കണക്കിന് വിദേശ, ആഭ്യന്തര ഹജ്, ഉംറ തീർഥാടകർ അടക്കമുള്ളവരുടെ യാത്ര സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ ഹറമൈൻ ട്രെയിൻ പദ്ധതിയിൽ ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചതായി റിപ്പോർട്ട്. മക്കയിൽനിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസിൽ 75 റിയാലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ജിദ്ദയിൽനിന്ന് മദീനയിലേക്ക് 60 റിയാലായിരിക്കും ടിക്കറ്റ് നിരക്ക്. മക്ക-മദീന ബിസിനസ് ക്ലാസ് ടിക്കറ്റ് നിരക്ക് 95 റിയാലായിരിക്കും. ജിദ്ദയിൽനിന്ന് മദീനയിലേക്ക് ബിസിനസ് ക്ലാസിൽ 75 റിയാൽ നൽകേണ്ടിവരും.
ടിക്കറ്റ് നിരക്കുകൾ അധികൃതർ ഔദ്യോഗികമായി പരസ്യപ്പെടുത്തിയിട്ടില്ല. യാത്രക്കാരെ ആകർഷിക്കുന്നതിന് തുടക്കത്തിൽ രണ്ടു മാസക്കാലമാണ് ഈ നിരക്കുകളിൽ ടിക്കറ്റ് ലഭിക്കുക. പിന്നീട് നിരക്കുകളിൽ മാറ്റമുണ്ടാകും. എല്ലാ വിഭാഗത്തിലും പെട്ടവർക്ക് താങ്ങാൻ പറ്റുന്ന നിലക്ക് താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാകും ഹറമൈൻ ട്രെയിൻ പദ്ധതിയിൽ നിലവിലുണ്ടാവുകയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ംംം.മെൃ.രീാ.മെ എന്ന വൈബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ വൈകാതെ സംവിധാനം ഏർപ്പെടുത്തും. സൗദി അറേബ്യയുടെ എൺപത്തിയെട്ടാമത് ദേശീയദിനമായ സെപ്റ്റംബർ 23 ന് ഹറമൈൻ ട്രെയിൻ വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കും. രാവിലെ എട്ടിനും പത്തിനും ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് അഞ്ചു മണിക്കും ദിവസത്തിൽ നാലു സർവീസുകൾ വീതമാണ് തുടക്കത്തിലുണ്ടാവുക. അടുത്ത വർഷാദ്യം മുതൽ സർവീസുകളുടെ എണ്ണം ആറായി ഉയർത്തും. യാത്രക്കാരിൽനിന്നുള്ള ആവശ്യം വർധിക്കുന്നതിന് അനുസൃതമായി പിന്നീട് സർവീസുകളുടെ എണ്ണം ഉയർത്തും.
മക്ക, ജിദ്ദ, റാബിഗ്, മദീന സ്റ്റേഷനുകളുടെ നിർമാണം പൂർത്തിയാവുകയും മക്ക-മദീന പാതയിൽ ട്രെയിനുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. മണിക്കൂറിൽ 300 കിലോമീറ്റർ വരെ വേഗമുള്ള 35 ട്രെയിനുകളാണ് പദ്ധതിയിൽ സർവീസിന് ഉപയോഗിക്കുക. ഓരോ ട്രെയിനിലും 417 സീറ്റുകൾ വീതമുണ്ടാകും. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയതാണ് ട്രെയിനുകൾ.