Sorry, you need to enable JavaScript to visit this website.

ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും

ജിദ്ദ- വിദേശങ്ങളിൽനിന്ന് എത്തുന്ന ഉംറ തീർഥാടകർക്കും സൗദിയിൽ ജോലി ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. കൗൺസിൽ തയാറാക്കിയ 2018-2020 പദ്ധതിയുടെ രണ്ടാം ഘട്ടം ഇക്കാര്യം ലക്ഷ്യമിടുന്നതായി കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് റിപ്പോർട്ട് വ്യക്തമാക്കി. സൗദിയിൽ മുപ്പതു രാജ്യങ്ങളിൽനിന്നുള്ള ഇരുപതു ലക്ഷത്തിലേറെ ഗാർഹിക തൊഴിലാളികളാണുള്ളത്. ഗാർഹിക തൊഴിലാളികളിൽ 64 ശതമാനവും വനിതകളാണ്. ഇൻഷുറൻസ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിന് മാനവശേഷി വികസന നിധിയുമായി സഹകരിച്ച് സൗദികൾക്ക് തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് സേവനങ്ങൾ നൽകുന്ന ആശുപത്രികൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിനും നീക്കമുണ്ട്. ആരോഗ്യ പരിചരണ സേവനങ്ങളുടെ നിരക്കുകൾ നിശ്ചയിക്കുന്നതിന് ചട്ടക്കൂട് തയാറാക്കുന്നതിനും ആശുപത്രികൾ കുറഞ്ഞ പ്രവിശ്യകളിൽ ആരോഗ്യ സേവന മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. 
സൗദിയിൽ സ്വകാര്യ മേഖലാ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ സ്വകാര്യ മേഖലാ ജീവനക്കാരും ആശ്രിതരും അടക്കം 1.1 കോടിയിലേറെ പേർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇക്കൂട്ടത്തിൽ 28 ലക്ഷത്തോളം പേർ സൗദി ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ്. സൗദിയിൽ 27 ആരോഗ്യ ഇൻഷുറൻസ് കമ്പനികളാണുള്ളത്. ഇൻഷുറൻസ് ക്ലെയിം മാനേജ്‌മെന്റ് മേഖലയിൽ പത്തു കമ്പനികളും പ്രവർത്തിക്കുന്നു. ആശുപത്രികളും പോളിക്ലിനിക്കുകളും ഫാർമസികളും അടക്കം 5,282 സ്ഥാപനങ്ങൾ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് സേവനങ്ങൾ നൽകുന്നു. സൗദി പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സമീപകാലത്ത് ചർച്ചകൾ നടന്നിരുന്നു.
 

Latest News