Sorry, you need to enable JavaScript to visit this website.

കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപിനെതിരെ വത്തിക്കാന്‍; ചുമതലകള്‍ ഫ്രാങ്കോ കൈമാറി

കൊച്ചി- കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ജലന്തര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വത്തിക്കാന്‍ നടപടിക്കൊരുങ്ങുന്നതായി റിപോര്‍ട്ട്. കേരളത്തിലെ സഭാ നേതൃത്വത്തില്‍ നിന്ന് വത്തിക്കാന്‍ വിവരങ്ങള്‍ തേടി. വത്തിക്കാന്‍ ഇടപടുകയും അറസ്റ്റ് ഏതാണ്ട് ഉറപ്പാകുകയും ചെയ്തതോടെ ഫ്രാങ്കോ മുളയ്ക്കല്‍ ചുമതലകള്‍ കൈമാറിയതായി സര്‍ക്കുലര്‍ ഇറക്കി. ഫാ. മാത്യു കോക്കണ്ടത്തിനാണ് ബിഷപ് വഹിച്ചിരുന്ന ഭരണചുമതല. എല്ലാം ദൈവത്തിനു കൈമാറുന്നുവെന്നും തനിക്കും പരാതിക്കാരിക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാങ്കോ സര്‍ക്കുലറില്‍ പറഞ്ഞു. 

രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകാന്‍ പോലീസ് നേരത്തെ ബിഷപിന് നോട്ടീസ് നല്‍കിയിരുന്നു. ഇത് അദ്ദേഹം കൈപ്പറ്റി. ഈ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അറസ്റ്റിനു മുന്നോടിയായി ബിഷപ് പദവിയില്‍ നിന്നും ഫ്രാങ്കോയെ മാറ്റി മുഖം രക്ഷിക്കാനുള്ള നീക്കമായാണ് വത്തിക്കാന്‍ നടപടി വിലയിരുത്തപ്പെടുന്നത്. ബിഷപ് മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് കഴിഞ്ഞ ദിവസം മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ ഗ്രേഷ്യസിന്റെ വാര്‍ത്താ കുറിപ്പുണ്ടായിരുന്നു. ഏതാനും ദിവസങ്ങളായി വത്തിക്കാനിലായിരുന്ന കര്‍ദിനാള്‍ ഓസ്വാള്‍ ഇന്നലെ രാത്രി മടങ്ങി എത്തിയതോടെയാണ് വത്തിക്കാന്റെ ഇടപെട്ടുവെന്ന് ഉറപ്പായത്.

ബിഷപ് പദവിയിലിരിക്കെ അറസ്റ്റ് ഒഴിവാക്കാന്‍ പോലീസ് മനപ്പൂര്‍വം അറസ്റ്റ് വൈകിപ്പിക്കകയാണെന്ന ആക്ഷേപവുമുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍. ബുധനാഴ്ച ചോദ്യം ചെയ്യലിന് ബിഷപ് ഹാജരാകുമെന്നറിയുന്നു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് സഭാ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

അതേസമയം ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എട്ടു ദിവസമായി കന്യാസ്ത്രീകള്‍ നടത്തുന്ന സമരം തുടരുകയാണ്. കൂടുതല്‍ വൈദികരും കന്യാസ്ത്രീകളും സമരത്തിന് പിന്തുണയുമായി ഇനിയുമെത്തുമെന്നാണ് സൂചന. സമരത്തിന് വലിയ ജനപിന്തുണയുമുണ്ട്. ബിഷപ് പദവിയില്‍ നിന്നു മാറി നില്‍ക്കുന്നതു സംബന്ധിച്ചു നടക്കുന്ന നീക്കങ്ങള്‍ നേരത്തെയും കണ്ടിട്ടുള്ള നാടകമാണെന്നും ഔദ്യോഗികമായി നടപടി സംബന്ധിച്ച് അറിയിപ്പുണ്ടാകുന്നതുവരെ വിശ്വസിക്കില്ലെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ഏതു നടപടിയേയും സ്വാഗതം ചെയ്യും. എന്നാല്‍ ബിഷപ് നിയമത്തിനു കീഴടങ്ങണം. ബിഷപിനെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.
 

Latest News