കേരളത്തെയാകെ പിടിച്ചുലച്ച ചാരകേസിന്റെ കാര്യത്തിൽ സ്വീകരിച്ച വേറിട്ട നിലപാടാണ് നാല് പതിറ്റാണ്ടും കഴിഞ്ഞ് നീണ്ടു പോകുന്ന പത്ര പ്രവർത്തന കാലത്തെ ശ്രദ്ധേയ അനുഭവം.
'' മറിയം റഷീദ വന്നത് ചാര പ്രവർത്തനത്തിനല്ല '' എന്ന വാർത്ത അന്ന് ജോലി ചെയ്ത ചന്ദ്രിക ദിനപത്രത്തിൽ അച്ചടിച്ചു വന്ന സമയവും കാലവും തിരിച്ചറിയുമ്പോൾ മാത്രമേ ആ വാർത്തയുടേയും വാർത്തയിലെ നിലപാടിന്റെയും ഗൗരവം ഉൾക്കൊള്ളാൻ സാധിക്കുയുള്ളൂ. വലിയ റിസ്‌ക്കുള്ള നിലപാട് തന്നെയായിരുന്നു അന്നത്. കേരളത്തിലെ മാധ്യമ രംഗമാകെ അന്ന് മറ്റൊരു വഴിക്ക് ഒഴുകുകയായിരുന്നു ഭ്രാന്തമായ ഏതോ ആവേശത്തോടെയുള്ള കുത്തൊഴുക്ക്. ചാനലുകൾ ഇന്നത്തേത് പോലെ സജീവമല്ലാത്തതിനാൽ പത്രങ്ങളായിരുന്നു ഐ.എസ്.ആർ.ഒ ചാരക്കഥ ആഘോഷിച്ചത്. ഒരു കഥ പിന്നേയും കഥ.. കഥകൾക്ക്‌മേൽ കഥ, എന്നതായിരുന്നു അവസ്ഥ. അത്തരമൊരു ഘട്ടത്തിൽ വേറിട്ട വാർത്ത വന്ന പത്രം നിയമസഭയിൽ ഉയർത്തിപ്പിടിച്ച് പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ ചോദ്യം വർഷങ്ങൾക്കിപ്പുറവും കാതിൽ മുഴങ്ങുന്നുണ്ട്. ''മറിയം റഷീദ വന്നത് ചാര പ്രവർത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേൽ ചന്ദ്രികയിൽ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം....'' ഇങ്ങിനെ കത്തികയറുന്നതിനിടക്ക് ഒരു കമ്യൂണിസ്റ്റുകാരൻ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപിൽ ലഭിക്കുന്നതിനായി ജോയിൻ ചെയ്യുക
''മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്'' എന്നായിരുന്നു ആ ചോദ്യം. എല്ലാം നിശബ്ദം കേൾക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല.
കെ. കരുണാകരൻ മുഖ്യമന്ത്രിയായ കാലമായിരുന്നുവല്ലോ അത്. സ്വാതന്ത്ര്യ സമരസേനാനിയും, ദേശീയതയുടെ ജീവിക്കുന്ന ആൾരൂപവുമൊക്കെയായ അദ്ദേഹം ഒരുനാൾ തിരുവന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ വൻ ജനാവലിക്ക് മുന്നിലെത്തിയപ്പോൾ ''ചാരൻ, ചാരൻ'' എന്ന മർമ്മരത്താൽ സദസ് പ്രകമ്പനം കൊണ്ടെങ്കിൽ ചാരക്കഥക്കെതിരെ നിലപാട് സ്വീകരിച്ച വെറുമൊരു പത്രക്കാരൻ മാത്രമായ ഈ കുറിപ്പുകാരനും പത്രവും ആ വാർത്തയും വിമർശിക്കപ്പെടുന്നതിൽ ഒരതിശയത്തിനും വകയില്ലായിരുന്നു. വിമർശനത്തിനും പരിഹാസത്തിനുമപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങുന്നുവെന്ന തോന്നലുണ്ടാക്കാനും അന്ന് ചില പത്രങ്ങൾ തയ്യാറായി. ചാരക്കേസിൽ മറിയം റഷീദക്കനുകൂലമായ നിലപാട് സ്വീകരിച്ച പത്രങ്ങളുടെ ഓഫീസിൽ സി.ബി.ഐ റെയ്ഡ് നടക്കുമെന്ന വാർത്തയായിരുന്നു അത്തരമൊരു തോന്നലിന് കാരണം. ലേഖകൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന പ്രചാരണവും അന്ന് ചെവിമാറി ചെവിമാറി സഞ്ചരിച്ചു.
മറിയം റഷീദക്ക് വേണ്ടി കേസ് വാദിച്ച തിരുവനന്തപുരത്തെ പ്രസാദ് ഗാന്ധി എന്ന അഭിഭാഷകന്റെ ഓഫീസിനു നേരെ നടന്ന ആക്രമണവും, തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒവിന്റെ ചാര നിറത്തിലുള്ള വാഹനങ്ങൾ ആക്രമിക്കപ്പെട്ടതുമൊക്കെ മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത മാസ് ഹിസ്റ്റീരിയയുടെ പ്രതിഫലനമായിരുന്നു. അതൊക്കെ ഇപ്പോഴും പല രൂപത്തിൽ തുടരുന്നു.
അന്വേഷിച്ചറിഞ്ഞ കാര്യങ്ങളിലുള്ള ഉറച്ച ബോധ്യമായിരുന്നു ആ വാർത്തയുടെ കാര്യത്തിൽ അന്ന് അങ്ങിനെയൊരു നിലപാടെടുക്കാൻ പ്രേരണയായത്. സത്യത്തിന് എന്നും പത്തരമാറ്റാണല്ലോ. ഏതൊരു ജേണലിസ്റ്റിനും നിലപാടിൽ ഉറച്ചു നിൽക്കാൻ ഉടമയുടെ പിന്തുണ ആവശ്യമാണ്. കേരളം കണ്ട മുസ്‌ലിം ബുദ്ധിജീവികളിൽ പ്രഥമ സ്ഥാനീയരിൽ ഒരാളായ പരേതനായ പ്രൊഫ.മങ്കട അബ്ദുൽ അസീസ് മൗലവിയായിരുന്നു അന്ന് ചന്ദ്രികയുടെ ചീഫ് എഡിറ്റർ. അദ്ദേഹം അദ്യാവസാനം എന്റെ നിലപാടിനെ ശ്ലാഘിച്ചു. ചരിത്ര വായനയുടെ പിൻബലത്തിൽ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞിരുന്നു. ''ഒരു മാലിക്കാരനോ, മാലിക്കാരിയോ ചാര പ്രവർത്തനം പോലുള്ള ചതിയും വഞ്ചനയും കാട്ടി ഇന്ത്യയെ പോലുള്ള ശക്തമായ രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്താനാകില്ല. ഇത്തരം ഒരു നീച തിന്മയിൽ അവർ പങ്കാളികളുമാകില്ല.'' അതായിരുന്നു ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്.
ചാരക്കഥ വ്യാജമെന്ന് പറഞ്ഞതിനെ അക്രമിച്ചവരും അപഹസിച്ചവരും ഒടുവിൽ പരിഹാസ്യരാകുന്നത് കേരളം കണ്ടു, കേട്ടു. അസീസ് മൗലവിയായിരുന്നു ശരി. അല്ല, അദ്ദേഹത്തിന്റെ അറിവും ബോധ്യവുമായിരുന്നു ശരി. സത്യത്തിന്റെ സൂചി എല്ലാകറക്കങ്ങളും കഴിഞ്ഞ് യഥാസ്ഥാനത്ത് വന്നു നിൽക്കുന്നു. അതെ മാധ്യമങ്ങളുടെ ചാരക്കഥ ചാരമായി. ……''..നിഷ മോൾക്ക് ഉടുപ്പും വാങ്ങി മറിയം റഷീദ പോയി'' എന്ന വാർത്ത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആ അധ്യായം ചന്ദ്രിക പത്രത്തിൽ ഈ കുറിപ്പുകാരൻ ആഘോഷിച്ചത്. മറിയം റഷീദ കേരളത്തിലേക്ക് വരുമ്പോൾ അവരുടെ മകൾക്ക് 12 വയസായിരുന്നു. നാല് വർഷത്തിന് ശേഷം ജയിൽ വാസവും പീഡനങ്ങളും കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ നിഷ മോൾക്കായി വാങ്ങിയ ഉടുപ്പുമായി ബന്ധപ്പെടുത്തി നൽകിയ ആ വാർത്തയിൽ അത്രയും നാൾ സ്വീകരിച്ചു പോന്ന നിപാടുകളത്രയും ചുരുക്കി വിവരിച്ചപ്പോൾവഒരു പത്രപ്രവർത്തകൻ എന്ന നിലക്കനുഭവിച്ച ആഹ്ലാദം അക്ഷരങ്ങളിൽ ഒതുങ്ങുന്നതല്ല. അതിപ്പോഴും എന്റെ സന്തോഷത്തിന്റെ ഋതുവാണ്. വിജയത്തിന്റെ വസന്തമാണ്.
ഇന്നില്ലാത്ത, ഇന്ത്യവിഷൻ ചാനലിൽ ' മാധ്യമ പക്ഷത്തെ ' ക്കുറിച്ച് നടന്ന ഒരു ചർച്ച (31.12.2007ന്) ഓർക്കട്ടെ, മാധ്യമങ്ങളുടെ നിലപാടിനെ വിമർശിക്കവേ, മുൻ ടെക്‌നോപാർക്ക് സി.ഇ.ഒ.യും, പ്രമുഖ ഐ.ടി. വിദഗ്ധനുമായ കെ.വിജയരാഘവന്റെ ചോദ്യം മാധ്യമങ്ങൾ ആഘോഷിച്ച ചാരക്കഥ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞപ്പോൾ എത്രമാധ്യമങ്ങൾ ഖേദം പ്രകടിപ്പിച്ചു?. ഏഷ്യാനെറ്റ് ചീഫ് ഓഫ് പ്രോഗ്രാം ടി.എൻ. ഗോപകുമാറിൽ നിന്നാണ് ആ ചോദ്യത്തിന് അന്ന് പ്രതികരണമുണ്ടായത്. നമ്പിനാരായണനെ (ഐ.എസ്.ആർ.ഒ ചാരക്കഥയുടെ പേരിൽ ഏറെ പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞൻ. ഈ പീഡനനാളുകളിലെപ്പോഴോ അദ്ദേഹത്തിന്റെ പ്രിയപത്‌നിയുടെ മനോനില തെറ്റുകപോലുമുണ്ടായി. ഇന്നദ്ദേഹം കാലത്തിന് മുന്നിൽ തിളങ്ങി നിൽക്കുന്നു) വിളിച്ച് ഞാൻ ക്ഷമ ചോദിച്ചിരുന്നു. എന്നായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്ന സ്വകാര്യ മലയാളം ചാനലായ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം തലവന്റെ പ്രതികരണം. ടി.എൻ.ജിയും അദ്ദേഹത്തിന്റെ ചാനലും അത്രയെങ്കിലും ചെയ്തു. പത്രങ്ങളോ? ചാരക്കഥയുടെ ഗുണഫലം ഏറെ അനുഭവിച്ച രാഷ്ട്രീയക്കാരോ?