ദുബായ്- ഇറാനെതിരായ ഉപരോധനം നവംബർ മുതൽ കൂടുതൽ കർക്കശമാക്കുമെന്ന് അമേരിക്കൻ അസിസ്റ്റന്റ് സെക്രട്ടറി മാർഷൽ ബില്ലിംഗ്‌സ്ലേ. നവംബർ നാലു മുതൽ ഇറാന്റെ വിമാനങ്ങൾക്ക് വരെ ഉപരോധം ഏർപ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ ഇറാന്റെ സ്വാധീനം അവസാനിപ്പിക്കുന്നതിന് ഗൾഫ് രാജ്യങ്ങൾ നൽകുന്ന സേവനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഹിസ്ബുല്ല, ഹമാസ് പോലുള്ള ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ പ്രസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നത് ഇറാനാണെന്നും സിറിയൻ സർക്കാർ സ്വന്തം ജനങ്ങളെ കൊന്നൊടുക്കുന്നത് ഇറാനിയൻ സഹായം കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ ഇറാന് ആവശ്യമായ ആയുധങ്ങൾ കൈമാറുകയും ഇത് സിറിയയിയിലേക്ക് ഇറാൻ കടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.