റിയാദ്- തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കൈക്കൂലി വിരുദ്ധ നിയമ ഭേദഗതി, കൈക്കൂലി കേസ് പ്രതികള്‍ക്ക് വ്യവസ്ഥ ചെയ്യുന്നത് കൂടുതല്‍ കടുത്ത ശിക്ഷകള്‍. കൈക്കൂലി വാഗ്ദാനം ചെയ്യുന്നവര്‍ക്ക്, വാഗ്ദാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൂടി പത്തു വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നത്.
കൈക്കൂലി വിരുദ്ധ നിയമം ബാധകമായ പൊതുമേഖലാ ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ പുതുതായി ഏതാനും വിഭാഗങ്ങളെ കൂടി നിയമ ഭേദഗതി വഴി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് പ്രയോജനങ്ങള്‍ ലഭിക്കുന്ന സ്വകാര്യ സന്നദ്ധ സംഘടനകളുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്മാര്‍, അംഗങ്ങള്‍, ജീവനക്കാര്‍, സൗദിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളിലെയും ഫൗണ്ടേഷനുകളിലെയും ജീവനക്കാര്‍ എന്നിവരെ പൊതുമേഖലാ ഉദ്യോഗസ്ഥരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി എട്ടാം വകുപ്പ് പരിഷ്‌കരിച്ചു.
സ്വന്തം ഗുണത്തിനോ മറ്റുള്ളവരുടെ നേട്ടത്തിനോ വേണ്ടി സന്നദ്ധ സംഘടനകള്‍, സഹകരണ സൊസൈറ്റികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ ജോലി ചെയ്യുന്ന ആര്‍ക്കെങ്കിലും കൈക്കൂലി വാഗ്ദാനം ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. സന്നദ്ധ സംഘടനകള്‍, സഹകരണ സൊസൈറ്റികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളെ ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോ ഡ്യൂട്ടി നിര്‍വഹിക്കാതിരിക്കുന്നതിനോ തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി ഉപഹാരങ്ങള്‍ തേടുന്നതും കൈക്കൂലി വാഗ്ദാനം സ്വീകരിക്കുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമായി നിയമം അനുശാസിക്കുന്നു. നിയമാനുസൃത ജോലിയാണെങ്കില്‍ കൂടി അത് നിര്‍വഹിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും പത്തു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് കൈക്കൂലി വിരുദ്ധ നിയമത്തിലെ വകുപ്പ് വ്യക്തമാക്കുന്നു.