ആലപ്പുഴ- ഒരു മാസം മുമ്പ് മൂന്നാൾ പൊക്കത്തിൽ വെള്ളം കയറിയ കുട്ടനാട്ടിൽ ഇപ്പോൾ ബോട്ട് സർവീസ് നടത്താൻ കൂടി വെള്ളമില്ല. എല്ലാവർക്കും അത്ഭുതം. ഈ വെള്ളമെല്ലാം എങ്ങോട്ടുപോയി. കടുത്ത വരൾച്ചക്കാലത്തുപോലും ഈ അവസ്ഥ ഉണ്ടായിട്ടില്ലെന്ന് കുട്ടനാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.
മഹാപ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർ ജീവിതത്തിലേക്ക് തിരികെയെത്താനുള്ള ശ്രമത്തിനിടെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് ഇന്നാട്ടുകാരെ ഭീതിയിലാക്കുന്നു. ഒരു മാസം മുമ്പ് രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്ന ആലപ്പുഴ ബോട്ട് ജെട്ടിയിൽ ഇന്നലെ ബോട്ട് അടുപ്പിക്കാനാകാത്ത സ്ഥിതി. ബോട്ട് ജെട്ടി കനാലിലെ വെള്ളം വറ്റി മണൽതിട്ട കാണാം. ജെട്ടിയിൽ കിടക്കുന്ന ബോട്ട് വെള്ളമില്ലാത്തതിനാൽ തിരികെ കൊണ്ടുപോകാനും കഴിയാത്ത സ്ഥിതിയായി. ബോട്ടു ജെട്ടിയുടെ പ്രവർത്തനം ഒരു കിലോമീറ്റർ കിഴക്കുമാറി മാതാ ജെട്ടിയിലാണ്.
ദുരിതത്തിൽനിന്ന് ദുരിതത്തിലേക്കുള്ള സഞ്ചാരമാണ് കുട്ടനാട്ടുകാരുടേത്. പ്രളയത്തിൽനിന്ന് കുട്ടനാട്ടുകാർ കരകയറി വരുന്നതേയുള്ളൂ. അപ്പോഴേക്കും അവരുടെ ഗതാഗത സംവിധാനം ഉൾപ്പെടെ തകരാറിലാക്കിക്കൊണ്ട് കടുത്ത വേനൽ വന്നുകഴിഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനാണ് കുട്ടനാട് സാക്ഷ്യം വഹിച്ചത്. പല സ്ഥലത്തുനിന്നും വെള്ളം പൂർണമായി ഒഴുകി മാറിയിട്ട് ഒരാഴ്ചയേ ആകുന്നുള്ളൂ. എന്നാൽ ഒഴുകിയെ വെള്ളം എവിടെ? പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ തുടങ്ങി കുട്ടനാട്ടിലെത്തുന്ന നദികളെല്ലാം വരണ്ടുണങ്ങിത്തുടങ്ങി. വേമ്പനാട് കായലിലും ജലനിരപ്പ് വളരെ കുറഞ്ഞു. കായലിൽനിന്ന് ഒഴുകുന്ന കൈത്തോടുകളും മറ്റും വറ്റിവരണ്ടു. ആലപ്പുഴ ബോട്ട് ജെട്ടിയിൽനിന്ന് കായലിലേക്ക് എത്തണമെങ്കിൽ രണ്ടര കിലോമീറ്ററോളം സഞ്ചരിക്കണം. ഈ ഭാഗം ബോട്ട് ഓടിക്കാൻ കഴിയാത്ത സ്ഥിതിയായി. ഇപ്പോൾ മാതാ ജെട്ടിയിലാണ് സർവീസ് തുടങ്ങുന്നത്. അടുത്ത ദിവസങ്ങളിലും ഈ സ്ഥിതിയാണെങ്കിൽ കായൽ ഭാഗത്തുനിന്നും സർവീസ് ആരംഭിക്കേണ്ടിവരുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറഞ്ഞു.
ബോട്ട് ജെട്ടിയിലുള്ള കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. സ്റ്റേഷൻ മാസ്റ്റർ ഓഫീസും അടച്ചു. ഒരു കിലോമീറ്റർ അകലേക്ക് ജെട്ടി മാറിയപ്പോൾ അവിടെ ജീവനക്കാർക്ക് ഇരിക്കാൻ പോലും യാതൊരു സൗകര്യവുമില്ല. സ്റ്റേഷൻ മാസ്റ്റർക്ക് റോഡിൽനിന്ന് ബോട്ട് നിയന്ത്രിക്കേണ്ട അവസ്ഥയായി. യാത്രക്കാർക്കാണെങ്കിൽ പൊരിവെയിലിൽ ബോട്ട് കാത്തുനിൽക്കേണ്ടിവരുന്നു. വിദ്യാർഥികളാണ് ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിക്കുന്നത്.
ബോട്ട് ജെട്ടി കനാലിൽ പ്രളയകാലത്തെത്തിയ മാലിന്യവും എക്കലും അടിഞ്ഞുകൂടി കിടക്കുകയാണ്. ഇത് നീക്കം ചെയ്താലും കാര്യമായ പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല. മാലിന്യവും എക്കലും മാറ്റിയാലും ജലനിരപ്പ് ഉയരാൻ സാധ്യതയില്ല. ആലപ്പുഴ ജെട്ടിയിൽ നങ്കൂരമിടേണ്ട പല ബോട്ടുകളും പുന്നമടക്കായലിലാണ് ഇപ്പോൾ ഇടുന്നത്. കനാലിലേക്ക് എത്തിച്ചാൽ അടുത്ത ദിവസം തിരികെ കൊണ്ടുപോകാൻ കഴിയില്ലെന്ന കണക്കുകൂട്ടലിലാണ് കായലിൽ തന്നെ ഇടുന്നത്. പല ബോട്ടുകളും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. ബോട്ടിനെ മാത്രം ആശ്രയിച്ച് യാത്ര ചെയ്യുന്ന കുട്ടനാട്ടിലെ ഉൾഗ്രാമങ്ങളിലുള്ളവർ ഏറെ പ്രയാസപ്പെടുന്നു. സ്വകാര്യവള്ളങ്ങളെയും മറ്റും ആശ്രയിച്ചാണ് ഇവർ കരയിലെത്തുന്നത്.
പ്രളയത്തിനുശേഷമുള്ള പുനരുദ്ധാരണത്തിനിടെ പല ആവശ്യങ്ങൾക്കും ഇന്നാട്ടുകാർക്ക് ആലപ്പുഴ നഗരത്തിലോ ചങ്ങനാശേരിയിലോ എത്തണം. അതിന് കഴിയാത്ത അവസ്ഥയിലാണ്. കുട്ടനാടിനൊപ്പം മഹാപ്രളയത്തിലകപ്പെട്ട ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലും പന്തളത്തും അപ്പർ കുട്ടനാട്ടിലുമൊക്കെ ഇപ്പോൾ ശുദ്ധജലം കിട്ടാക്കനിയായി. കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയാണ്. പ്രളയത്തിൽ മുങ്ങി മാലിന്യം നിറഞ്ഞ കിണറുകൾ വൃത്തിയാക്കി വന്നപ്പോഴേക്കും വെള്ളം കിട്ടാതായി. ഇപ്പോഴും ഇവിടുത്തുകാർ കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്.
മലയാളം ന്യൂസ് വാർത്തകൾ വാട്‌സ്ആപിൽ ലഭിക്കുന്നതിനായി ജോയിൻ ചെയ്യുക