ജിദ്ദ- ലൈത്ത് പച്ചക്കറി, മത്സ്യ മാർക്കറ്റുകൾ ലൈത്ത് ബലദിയ അടപ്പിച്ചു. സൗദിവൽക്കരണം നടപ്പാക്കാത്തതും നഗരസഭയിൽ നിന്നുള്ള ലൈസൻസില്ലാത്തതും മോശം ശുചീകരണ നിലവാരവും വിദേശ തൊഴിലാളികളുടെ ആധിക്യവും ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മാർക്കറ്റുകൾ അടപ്പിച്ചതെന്ന് ലൈത്ത് ബലദിയ പറഞ്ഞു. പച്ചക്കറി, മത്സ്യ മാർക്കറ്റ് കെട്ടിടം ഇടിഞ്ഞു വീഴാറായ നിലയിലാണ്. മാർക്കറ്റുകൾ പുനഃക്രമീകരിക്കേണ്ടതുണ്ട്. മൂന്നാഴ്ചക്കു ശേഷം പച്ചക്കറി മാർക്കറ്റ് തുറക്കും. മത്സ്യ, ഇറച്ചി മാർക്കറ്റിന് പുതിയ കെട്ടിടം നിർമിക്കുന്നതിന് വൈകാതെ ടെണ്ടറുകൾ ക്ഷണിക്കുമെന്നും ലൈത്ത് ബലദിയ അറിയിച്ചു.
അതേസമയം, അദമിൽ പെട്രോൾ ബങ്കുകൾ ഉൾപ്പെട്ട രണ്ടു വാണിജ്യ കേന്ദ്രങ്ങൾ ജിദ്ദ നഗരസഭ വ്യാഴാഴ്ച അടപ്പിച്ചു. വ്യവസ്ഥകൾ പാലിക്കാത്തതിനാണ് സ്ഥാപനങ്ങൾ അടപ്പിച്ചത്. ഇതേ കാരണത്താൽ വരും ദിവസങ്ങളിൽ അദമിൽ ഏതാനും വാണിജ്യ കേന്ദ്രങ്ങൾ കൂടി നഗരസഭ അടപ്പിച്ചേക്കുമെന്ന് അഭിജ്ഞ വൃത്തങ്ങൾ പറഞ്ഞു.