മലപ്പുറം- നീതി ലഭിക്കുന്നില്ലെന്ന് ആരോപിച്ച് യുവാവും കുടുംബവും ആത്മഹത്യാ ഭീഷണിയുമായി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിനു മുന്നിലെത്തി. കന്നാസില്‍ സൂക്ഷിച്ച അഞ്ച് ലിറ്റര്‍ മണ്ണെണ്ണയുമായി കോട്ടക്കല്‍ ഇന്ത്യനൂര്‍ കോല്‍ക്കളം സ്വദേശി വില്ലന്‍ വീട്ടില്‍ അസ്‌കറലിയും കുടുംബവുമാണ് ഇന്നലെ പോലീസ് മേധാവിയെ കാണാനെത്തിയത്. നടപടിയെടുക്കാമെന്ന എസ്.പിയുടെ ഉറപ്പിനെ തുടര്‍ന്ന് ഇവര്‍ മടങ്ങി. അയല്‍വാസികള്‍ തന്നെയും കുടുംബത്തെയും ആക്രമിക്കുകയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നും ഇയാള്‍ എസ്.പിയോട് പരാതി പറഞ്ഞു. അയല്‍വാസിയുടെ വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ കുടുംബത്തിന്റെ മൂന്നര സെന്റ് ഭൂമിയില്‍ അനധികൃതമായി വഴി വെട്ടിയെന്നും ഇതിന് പണം നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും തന്നില്ലെന്നും അസ്‌കറലി ആരോപിച്ചു. കുടുംബത്തിനെതിരെ അയല്‍വാസി കോട്ടക്കല്‍ പോലീസില്‍ കള്ളക്കേസ് നല്‍കിയെന്നും പരാതിയില്‍ ആരോപണമുണ്ട്. മാതാവ് ഖദീജ, മാതൃസഹോദരി സൈനബ, ഭാര്യ മുഹ്്‌സിന എന്നിവര്‍ക്കൊപ്പമാണ് അസ്‌കറലി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്.