റിയാദ്- സൗദി ദേശീയ ദിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കരിമരുന്ന് പ്രദർശനം നടത്താനും പതാക പറപ്പിക്കാനും തയ്യാറെടുത്ത് രാജ്യം. എൺപത്തിയെട്ടാം ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കരിമരുന്ന് പ്രയോഗം നടത്താനാണ് ജനറൽ എന്റർടൈയ്‌മെന്റ് അഥോറിറ്റി തീരുമാനം. സെപ്തംബർ 19 മുതൽ 23 വരെ രാജ്യത്തിലെ 58 നഗരങ്ങളിൽ കരിമരുന്ന് പ്രയോഗം നടത്തും. 900,000 കരിമരുന്നുകളാണ് പ്രയോഗിക്കുക. ഇതിന് പുറമെ, 400 മീറ്റർ നീളവും മുന്നൂറ് മീറ്റർ വീതിയുമുള്ള പതാക പറപ്പിക്കും. റിയാദിൽ നടക്കുന്ന പതാക പ്രദർശനത്തിൽ മുന്നൂറോളം ഡ്രോണുകൾ ഇതിന് വേണ്ടി രംഗത്തുണ്ടാകും. ഇതിന് പുറമെ വിവിധ പരിപാടികളും ഒരുക്കിയിട്ടുണ്ട്.